| Saturday, 14th June 2025, 8:03 am

ഗസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ.ജി.എ കരട് പ്രമേയത്തിൽ നിന്നും വീണ്ടും വിട്ടുനിന്ന് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഗസയിൽ എത്രയും വേഗം ഉപാധികളില്ലാത്തതും സ്ഥിരവുമായ വെടിനിർത്തൽ ആവശ്യപ്പെടുന്ന കരട് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്ന് ഇന്ത്യ.

ഗസയിൽ അടിയന്തരവും, ഉപാധികളില്ലാത്തതും, സ്ഥിരവുമായ വെടിനിർത്തൽ ആവശ്യപ്പെടുന്ന സ്പെയിൻ അവതരിപ്പിച്ച പ്രമേയം 193 അംഗ യു.എൻ പൊതുസഭ വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു.

എന്നാൽ ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 12 രാജ്യങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. 149 വോട്ടുകൾ അനുകൂലമായി ലഭിച്ചു. അൽബേനിയ, കാമറൂൺ, ഇക്വഡോർ, എത്യോപ്യ, മലാവി, പനാമ, ദക്ഷിണ സുഡാൻ, ടോഗോ എന്നിവ വിട്ടുനിന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്നു.

സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും അല്ലാതെ സംഘർഷങ്ങൾ പരിഹരിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ല എന്ന വിശ്വാസമാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതെന്ന് ഇന്ത്യയുടെ പ്രതിനിധി പി. ഹരീഷ് പറഞ്ഞു. സമീപകാലത്ത് നടന്ന മൂന്നാമത്തെ വോട്ടെടുപ്പാണിത്.

‘ഇരു വിഭാഗങ്ങളെയും കൂടുതൽ അടുപ്പിക്കുന്നതിനാണ് നമ്മളെല്ലാവരും സംയുക്തമായി പരിശ്രമിക്കേണ്ടത്. ഇക്കാരണങ്ങളാൽ, ഈ പ്രമേയത്തിൽ നിന്ന് ഞങ്ങൾ വിട്ടുനിൽക്കുന്നു,’ അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് നടന്ന മറ്റ് രണ്ട് പ്രമേയങ്ങളിൽ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു.

അധിനിവേശ ശക്തിയായ ഇസ്രഈൽ ഉപരോധം ഉടൻ അവസാനിപ്പിക്കണമെന്നും, എല്ലാ അതിർത്തി കടന്നുള്ള വഴികളും തുറക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര നിയമത്തിനും മാനുഷിക തത്വങ്ങൾക്കും കീഴിലുള്ള ബാധ്യതകൾക്ക് അനുസൃതമായി, ഗസ മുനമ്പിലുടനീളമുള്ള ഫലസ്തീൻ സിവിലിയൻ ജനതയ്ക്ക് സഹായം ഉടനടിയും വലിയ തോതിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ഗസയിൽ നിന്ന് ഫലസ്തീൻ ജനതയെ മാറ്റുന്നതിനോ നാടുകടത്തുന്നതിനോ ഉള്ള നിർദേശങ്ങളെയും പ്രമേയം അപലപിച്ചു.

2023 ഒക്ടോബറിൽ ഇസ്രഈലിന് നേരെ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ഇസ്രഈൽ ഗസയിൽ വംശഹത്യ നടത്താൻ ആരംഭിച്ചു.

സിവിലിയന്മാർക്ക് ഭക്ഷണവും മരുന്നും നൽകുന്നതിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെയും അനുബന്ധ സംഘടനകളുടെയും ഗസയിലേക്കുള്ള പ്രവേശനം ഇസ്രഈൽ തടഞ്ഞിരുന്നു. എങ്കിലും കഴിഞ്ഞ മാസം മുതൽ, ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന പുതിയ സംഘടനയിലൂടെ വളരെ കുറഞ്ഞ അളവിൽ അവിടേക്ക് സഹായം എത്തിക്കാൻ തുടങ്ങി.

ഐക്യരാഷ്ട്രസഭയും മറ്റ് സംഘടനകളും ഇത് അപര്യാപ്തമാണെന്ന് വിമർശിക്കുകയും ഗസ വൻതോതിലുള്ള പട്ടിണി നേരിടുകയാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഭക്ഷണത്തിനായി എത്തുന്ന സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങളും ഗസയിൽ വർധിച്ചുവരികയാണ്.

Content Highlight: India abstains in UNGA on draft resolution demanding immediate, permanent ceasefire in Gaza

We use cookies to give you the best possible experience. Learn more