| Sunday, 21st June 2026, 6:46 pm

വെടിക്കെട്ടുമായി വൈഭവ്, കൂട്ടിന് തിലകും; ലങ്കയെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാര്‍

ഫസീഹ പി.സി.

ത്രിരാഷ്ട്ര പരമ്പര ചാമ്പ്യന്മാരായി ഇന്ത്യ എ. ഫൈനലില്‍ ശ്രീലങ്ക എയെ 66 റണ്‍സിന് തോല്‍പ്പിച്ചാണ് ടീമിന്റെ വിജയം. വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറിയുടെയും ബൗളര്‍മാരുടെയും കരുത്തിലാണ് ഇന്ത്യന്‍ സംഘം വിജയിച്ച് കയറിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 377 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന ലങ്കന്‍ യുവനിര 311 റണ്‍സില്‍ പുറത്താവുകയായിരുന്നു.

ഇന്ത്യന്‍ നിരയില്‍ വൈഭവ് സെഞ്ച്വറിയോളം പോന്ന ഫിഫ്റ്റിയടിച്ചിരുന്നു. 29 പന്തില്‍ 94 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. താരത്തിന് പുറമെ ക്യാപ്റ്റന്‍ തിലക് വര്‍മയും അര്‍ധ സെഞ്ച്വറി നേടി. 90 പന്തുകളില്‍ നിന്ന് 67 റണ്‍സാണ് താരം എടുത്തത്.

വൈഭവ് സൂര്യവംശി. Photo: Circle of Cricket/x.com

ഇവര്‍ക്കൊപ്പം ഋതുരാജ് ഗെയ്ക്വാദ് (51 പന്തില്‍ 40), അനുകൂല്‍ റോയ് (15 പന്തില്‍ 39), പ്രിയാന്‍ഷ് ആര്യ (29 പന്തില്‍ 39), കുമാര്‍ കുശാഗ്ര (39 പന്തില്‍ 36) എന്നിവരും സംഭാവന ചെയ്തു.

ശ്രീലങ്കക്ക് വേണ്ടി വനുജ സഹാന്‍, രവിന്ദു ഫെര്‍ണാണ്ടോ, കുഗത്താസ് മാതുലന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു. സഹാന്‍ അരച്ചിഗെ, മുഹമ്മദ് ഷിറാസ്, ദുലാജ് സമുദിത എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ 69 പന്തില്‍ 62 റണ്‍സെടുത്ത വനുജ സഹാന്‍ തിളങ്ങി. സദീര സമരവിക്രമ (44 പന്തില്‍ 52), വിജയകാന്ത് വിയസ്‌കന്ത് (34 പന്തില്‍ 39), സഹാന്‍ അരച്ചിഗെ (40 പന്തില്‍ 38) എന്നിവര്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചെറുതെങ്കിലും ടീമിന് വിജയിക്കാനായില്ല.

ഇന്ത്യയ്ക്ക് വേണ്ടി യാഷ് താക്കൂറും വിപ്രജ് നിഗവും മൂന്ന് വിക്കറ്റുകളും അനുകൂല്‍ റോയ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. തിലക് വര്‍മ, അശോക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Content Highlight: India A won Tri nation series by defeating Sri Lanka A with Vaibhav Sooryavanshi performance

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more