എമര്‍ജിങ് ഏഷ്യ കപ്പില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ സംഘം. കഴിഞ്ഞ ദിവസം ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒമാന്‍ എയെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യന്‍ ടീം ജയിച്ചത്. ആറ് വിക്കറ്റിനാണ് ജിതേഷിന്റെയും കൂട്ടരുടെയും വിജയം.
ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ എ ഉയര്‍ത്തിയ 136ന്റെ വിജയലക്ഷ്യം ഇന്ത്യന്‍ സംഘം 13 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഹര്‍ഷ് ദുബെയുടെ അര്‍ധ സെഞ്ച്വറി പ്രകടനം വിജയത്തില്‍ നിര്‍ണായകമായി. താരം പ്ലെയർ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു.
ഒമാനെ കുഞ്ഞന്‍ സ്‌കോറില്‍ ഒതുക്കിയെങ്കിലും മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ ഇന്ത്യ പതറിയിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 37 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍മാരെ നഷ്ടമായി. വൈഭവ് സൂര്യവംശി 12 റണ്‍സിനും പ്രിയാന്‍ഷ് ആര്യ 10 റണ്‍സിനുമായിരുന്നു മടങ്ങിയത്.
എന്നാല്‍, പിന്നാലെത്തിയ നമന്‍ ധിറും ഹര്‍ഷ് ദുബെയും ടീമിനെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു. ഈ കൂട്ടുകെട്ട് 31 റണ്‍സ് ടീം സ്‌കോറിനോടൊപ്പം ചേര്‍ത്താണ് പിരിഞ്ഞത്. നമന്‍ 19 പന്തില്‍ 30 റണ്‍സുമായി മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്.
പിന്നാലെ, നേഹല്‍ വധേര ക്രീസിലെത്തി. താരം ദുബെക്കൊപ്പം ചേര്‍ന്ന് 66 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ജയിക്കാന്‍ രണ്ട് റണ്‍സ് അകലെ വധേര പുറത്തായതോടെയായിരുന്നു ഈ ജോഡി പിരിഞ്ഞത്. 24 പന്തില്‍ 23 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം.
വധേരയ്ക്ക് പിറകെ ബാറ്റിങ്ങിനെത്തിയ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ നേരിട്ട് ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. മറുവശത്ത് ദുബെ 44 പന്തില്‍ 53 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ഒമാന്‍ എക്കായി ജയ് ഓടെട്ര, ആര്യന്‍ ബിഷ്ട്, ഷഫീഖ് ജാന്‍, സമയ ശ്രീവാസ്തവ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒമാനായി ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് വസീം അലിയാണ്. 45 പന്തില്‍ 54 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒപ്പം ഓപ്പണര്‍ ഹമ്മദ് മിശ്ര 16 പന്തില്‍ 32 റണ്‍സ് നേടി തകര്‍പ്പന്‍ ബാറ്റിങ് നടത്തി. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.
ഇന്ത്യന്‍ ടീമിന് വേണ്ടി ഗുര്‍ജപ്നീത് സിങ്, ആയുഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. വൈശാഖ് വിജയ് കുമാര്‍, ഹര്‍ഷ് ദുബെ, നമന്‍ ധിര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: India A vs Oman A: India entered to Semi Final in Emerging Asia Cup by defeating Oman