| Friday, 21st November 2025, 8:24 pm

വൈഭവ് തിളങ്ങിയിട്ടും രക്ഷയില്ല; സൂപ്പര്‍ ഓവറില്‍ നാടകീയമായി തോറ്റ് ഇന്ത്യ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

എമേര്‍ജിങ് ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ എ പുറത്ത്. സെമി ഫൈനലില്‍ ബംഗ്ലാദേശ് എയോട് സൂപ്പര്‍ ഓവറില്‍ ടീം തോല്‍ക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കടുവകള്‍ 194 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ സംഘവും ഈ റണ്‍സിലെത്തിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് കടക്കുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ റണ്ണൊന്നും നേടാതെ ഇന്ത്യ പുറത്തായതോടെ ബംഗ്ലാദേശ് രണ്ടാം പന്തില്‍ വിജയിക്കുകയായിരുന്നു. അതോടെ കടുവകള്‍ ഫൈനലില്‍ പ്രവേശിച്ചു.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണര്‍ ഹബീബുര്‍ റഹ്‌മാന്‍ സോഹനും എസ്.എം. മെഹ്റോബും മികച്ച പ്രകടനം നടത്തി. സോഹന്‍ 46 പന്തില്‍ 65 റണ്‍സെടുത്തപ്പോള്‍ മെഹ്റോബ് 18 പന്തില്‍ 48 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഇന്ത്യക്കായി ഗുര്‍ജാപനീത് സിങ് രണ്ട് വിക്കറ്റ് നേടി. സുയാഷ് ശര്‍മ, ഹര്‍ഷ് ദുബെ, രമണ്‍ദീപ് സിങ്, നമന്‍ ധിര്‍ എന്നിവര്‍ ഓരോ വിക്കറ്റും പിഴുതു.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വൈഭവ് സൂര്യവംശിയും പ്രിയാന്‍ഷ് ആര്യയും മികച്ച തുടക്കം നല്‍കിയിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 53ല്‍ എത്തിയപ്പോള്‍ സൂര്യവംശി 15 പന്തില്‍ 38 റണ്‍സുമായി പുറത്തായി. പിന്നാലെത്തിയ നമന്‍ ധിര്‍ വെറും റണ്‍സ് എടുത്ത് മടങ്ങി.

അതോടെ ആര്യയും ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും ഒരുമിച്ചു. ഇരുവരും 32 റണ്‍സ് ചേര്‍ത്ത് പിരിഞ്ഞു. 23 പന്തില്‍ 44 റണ്‍സെടുത്ത ആര്യയായിരുന്നു പുറത്തായത്. പിന്നാലെ ബാറ്റിങ്ങിനെത്തിയ നേഹല്‍ വധേരയെ കൂട്ടുപിടിച്ച് ജിതേഷ് ടീം സ്‌കോര്‍ 150ല്‍ എത്തിച്ചു. ഈ സ്‌കോറില്‍ 33 റണ്‍സുമായി ജിതേഷും തിരികെ നടന്നു.

ഇതിലേക്ക് വെറും 26 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ആറാമനായി ക്രീസിലെത്തിയ രമണ്‍ദീപ് സിങ് 17 റണ്‍സ് എടുത്ത് പുറത്തായി. പിന്നീട് ഒരുമിച്ച നേഹല്‍ വധേര – അശുതോഷ് ശര്‍മ സഖ്യം ഇന്ത്യ വിജയിക്കുമെന്ന പ്രതീതി ഉയര്‍ത്തി.

അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആ ഓവറിലെ ആദ്യ രണ്ട് പന്തില്‍ സിംഗിളെടുത്തു. മൂന്നാം പന്തിലും നാലാം പന്തിലും അശുതോഷ് സിക്സും ഫോറും അടിച്ചതോടെ ആരാധകര്‍ ആവേശത്തിലായി.

എന്നാല്‍ അടുത്ത പന്തില്‍ താരം ബൗള്‍ഡായി മടങ്ങി. അവിടെ കളി തീര്‍ന്നെന്ന് വിശ്വസിച്ച ആരാധകരെ ഞെട്ടിച്ച് ഇന്ത്യ ബംഗ്ലാദേശിന്റെ പിഴവ് മുതലാക്കി മൂന്ന് റണ്‍സ് ഓടിയെടുത്തു. അതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

ഒന്നാം സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനെത്തിയ ഇന്ത്യ പക്ഷേ തീര്‍ത്തും നിരാശരാക്കി. ആദ്യ പന്തില്‍ തന്റെ ജിതേഷ് ശര്‍മ പുറത്തായി. പിന്നീട് ബാറ്റിങ്ങിനെത്തിയ അശുതോഷ് ശര്‍മ രണ്ടാം പന്തിലും മടങ്ങി. അതോടെ ഒരു റണ്ണും നേടാതെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു.

അനായാസം വിജയം നേടാമെന്ന് കരുതിയിറങ്ങിയ ബംഗ്ലാദേശിനെ സൂപ്പര്‍ ഓവര്‍ എറിയാനെത്തിയ സുയാഷ് ശര്‍മ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തി ഞെട്ടിച്ചു. അതോടെ ഇന്ത്യന്‍ സംഘം ആശ്വസിച്ചു. എന്നാല്‍, താരം എറിഞ്ഞ രണ്ടാം പന്ത് വൈഡായതോടെ കടുവകള്‍ ഫൈനലില്‍ എത്തി.

Content Highlight: India A lose against Bangladesh A in Super over of  ACC Men’s Asia Cup Rising Stars Semi Final

We use cookies to give you the best possible experience. Learn more