| Sunday, 5th October 2025, 9:57 pm

എന്തൊരു മാച്ച്! ഓസ്‌ട്രേലിയക്കെതിരെ 317 പിന്തുടര്‍ന്ന് ജയിച്ച് ഇന്ത്യ; നിര്‍ണായക മത്സരത്തില്‍ പരമ്പര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അനൗദ്യോഗിക ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ. കാണ്‍പൂരീലെ ഗ്രീന്‍ പാര്‍ക്കില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര പിടിച്ചടക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 317 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് ശേഷിക്കെ ശ്രേയസ് അയ്യരും സംഘവും മറികടന്നു.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ജാക്ക് എഡ്വാര്‍ഡ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. തുടക്കം പാളിയെങ്കിലും ക്യാപ്റ്റനടക്കമുള്ളവര്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയതോടെ ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി.

ഓപ്പണര്‍മാര്‍ രണ്ട് പേരെയും ഒറ്റയക്കത്തിന് നഷ്ടപ്പെട്ടെങ്കിലും വണ്‍ ഡൗണായെത്തിയ കൂപ്പര്‍ കനോലി ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കി. ആയുഷ് ബദോണിയുടെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി പുറത്താകും മുമ്പേ 49 പന്തില്‍ 64 റണ്‍സ് താരം അടിച്ചെടുത്തു.

ക്യാപ്റ്റന്‍ ജാക്ക് എഡ്വാര്‍ഡ്‌സ് 75 പന്തില്‍ 89 റണ്‍സ് സ്വന്തമാക്കി. മൂന്ന് സിക്‌സറും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 64 പന്തില്‍ 73 റണ്‍സടിച്ച ലിയാം സ്‌കോട്ടും ഓസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങി.

ഒടുവില്‍ 49.1 ഓവറില്‍ ടീം 316ന് പുറത്തായി.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ആയുഷ് ബദോണി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഗുര്‍ജാപ്‌നീത് സിങ്ങും നിഷാന്ത് സിന്ധുവും ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് തകര്‍ത്തടിച്ചു. ആദ്യ വിക്കറ്റില്‍ അഭിഷേക് ശര്‍മയെ ഒപ്പം കൂട്ടി താരം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

ടീം സ്‌കോര്‍ 83ല്‍ നില്‍ക്കവെ അഭിഷേക് ശര്‍മയെ ഇന്ത്യയ്ക്ക് നഷ്ടമായി. 25 പന്തില്‍ 22 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. വണ്‍ ഡൗണായെത്തിയ തിലക് വര്‍മ മൂന്ന് റണ്‍സിനും പുറത്തായി.

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് വീണ്ടും ചലിച്ചു. പ്രഭ്‌സിമ്രാനും ശ്രേയസും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കവെ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാനെ മടക്കി തന്‍വീര്‍ സാംഗ ബ്രേക് ത്രൂ നല്‍കി. 68 പന്ത് നേരിട്ട താരം 102 റണ്‍സ് അടിച്ചെടുത്തു. ഏഴ് സിക്‌സറും എട്ട് ഫോറും അടക്കം 150.00 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

അഞ്ചാം നമ്പറിലെത്തിയ റിയാന്‍ പരാഗും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായാണ് താരം തിളങ്ങിയത്. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. ശ്രേയസ് 58 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ 55 പന്തില്‍ 62 റണ്‍സാണ് പരാഗ് സ്വന്തമാക്കിയത്.

പിന്നാലെയെത്തിയവരില്‍ ആയുഷ് ബദോണി (20 പന്തില്‍ 21), വിപ്രജ് നിഗം (32 പന്തില്‍ 24*), അര്‍ഷ്ദീപ് സിങ് (4 പന്തില്‍ 7*) എന്നവര്‍ ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നാല് ഓവറും രണ്ട് വിക്കറ്റും ശേഷിക്കവെയാണ് ഇന്ത്യയുടെ വിജയം.

ഓസ്‌ട്രേലിക്കായി ടോഡ് മര്‍ഫിയും തന്‍വീര്‍ സാംഗയും നാല് വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlight: India A defeated Australia A to win the series

We use cookies to give you the best possible experience. Learn more