എ.സി.സി എമെര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യ ഏയ്ക്ക് വമ്പന്‍ വിജയം. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 306 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ 11.3 ഓവറില്‍ 26 റണ്‍സിന് ഓള് ഔട്ട് ആവുകയായിരുന്നു.
ഇന്ത്യയോടേറ്റ വമ്പന്‍ തേല്‍വിക്ക് ശേഷം ഒരു നാണക്കേടിന്റെ ലിസ്റ്റിലും നേപ്പാള്‍ ചെന്നെത്തിയിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ചെറിയ ടോട്ടല്‍ നേടുന്ന അഞ്ചാമത്തെ ടീമായി മാറിയിരിക്കുകയാണ് നേപ്പാള്‍.
ടീം, എതിരാളികള്‍, റണ്‍സ് (വര്‍ഷം) എന്ന ക്രമത്തില്‍
വെസ്റ്റ് ഇന്‍ഡീസ് അണ്ടര്‍-19 VS – ബാര്‍ബഡോസ് – 18 (2007)
സാരസെന്‍സ് VS കോള്‍ട്ട്സ് സി.സി – 18 (2012)
മിഡില്‍സെക്സ് VS യോര്‍ക്ക്ഷെയര്‍ – 23 (1974)
ഒമാന്‍ VS സ്കോട്ട്ലന്‍ഡ് – 24 (2019)
നേപ്പാള്‍ VS ഇന്ത്യ എ – 26 (2026)*
ഇന്ത്യന്‍ പേസര്‍മാരായ ഹര്‍ഷിത് റാണയുടെയും പ്രിന്‍സ് യാദവിന്റെയും ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് നേപ്പാള്‍ അതിവേഗം തകര്‍ന്നടിഞ്ഞത്. റാണ ആറ് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ പ്രിന്‍സ് യാദവ് അഞ്ച് ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ ആറ് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് നേടിയത്. ഷഹബാസ് അഹമ്മദ് ശേഷിച്ച വിക്കറ്റും നേടി.
അതേസമയം ക്യാപ്റ്റന്‍ തിലക് വര്‍മയുടെയും കുമാര്‍ കുശാഗ്രയുടെയും വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ സ്കേര്‍ ഉയര്‍ത്തിയത്. 102 പന്തില്‍ നിന്ന് അഞ്ച് സിക്സും 10 ഫോറും ഉള്‍പ്പെടെ 117 റണ്‍സാണ് കുമാര്‍ നേടിയത്. തിലക് 113 പന്തില്‍ നാല് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 107 റണ്‍സും നേടി. സൂര്യാന്‍ഷ് ഷെഡ്ജെ 36 റണ്‍സും നേടിയിരുന്നു.
നേപ്പാളിന് വേണ്ടി ലളിത് രാജ്ബാന്‍ഷി, സന്ദീപ് ലാമിച്ചാന്‍ എന്നിര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി. നന്ദന് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പവന് ഷറഫ് ഒരു വിക്കറ്റും നേടി. ബാറ്റിങ്ങില്‍ നേപ്പാളിന്റെ ഒരാള്‍ക്ക് പോലും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.
Content Highlight: India A Defeat Nepal In ACC Emerging Teams Asia Cup