| Sunday, 11th May 2025, 6:17 pm

ഐ.പി.എല്ലിന് തത്കാലം ഫുള്‍സ്റ്റോപ്പിട്ടെങ്കിലെന്താ, ആഘോഷിക്കാന്‍ കിരീടവുമായി അവരെത്തിയില്ലേ... ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്ക ആതിഥേയത്വം വഹിച്ച ട്രൈനേഷന്‍ സീരീസില്‍ സൗത്ത് ആഫ്രിക്കയെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി കിരീടമണിഞ്ഞ് ഇന്ത്യ. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ 97 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സ് സ്വന്തമാക്കി. സ്മൃതി മന്ഥാനയുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

101 പന്തില്‍ 116 റണ്‍സാണ് മന്ഥാന അടിച്ചെടുത്തത്. 15 ഫോറും രണ്ട് സിക്‌സറും അടക്കം 114.85 സ്‌ട്രൈക്ക് റേറ്റിലാണ് വൈസ് ക്യാപ്റ്റന്‍ റണ്‍സടിച്ചുകൂട്ടിയത്.

മന്ഥാനയ്ക്ക് പുറമെ ഹര്‍ലീന്‍ ഡിയോള്‍ (56 പന്തില്‍ 47), ജെമീമ റോഡ്രിഗസ് (29 പന്തില്‍ 44), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30 പന്തില്‍ 41) എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങളും ഇന്ത്യന്‍ നിരയില്‍ കരുത്തായി.

ശ്രീലങ്കയ്ക്കായി സുഗന്ധിക കുമാരി, ദേവ്മി വിഹംഗ, മാല്‍കി മധാര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഇനോക രണവീര ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ഓപ്പണര്‍ ഹാസിനി പെരേര ബ്രോണ്‍സ് ഡക്കായി മടങ്ങി. രണ്ടാം വിക്കറ്റില്‍ വിഷ്മി ഗുണരത്‌നെയെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ചെറുത്തുനിന്നത്.

ടീം സ്‌കോര്‍ 68ല്‍ നില്‍ക്കവെ വിഷ്മിയെ പുറത്താക്കി അമന്‍ജോത് കൗര്‍ ഇന്ത്യയ്ക്ക് ബ്രേക് ത്രൂ നല്‍കി. 41 പന്തില്‍ 36 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ നിലാക്ഷി ഡി സില്‍വയ്‌ക്കൊപ്പവും ചമാരി മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ സ്‌നേഹ് റാണയുടെ കരുത്തില്‍ ബ്രേക് ത്രൂ നേടിയ ഇന്ത്യ മത്സത്തില്‍ അപ്പര്‍ഹാന്‍ഡ് സ്വന്തമാക്കുകയും ചെയ്തു.

66 പന്തില്‍ 51 റണ്‍സ് നേടിയാണ് ലങ്കന്‍ ക്യാപ്റ്റന്‍ പുറത്തായത്.

ഹര്‍ഷിത സമരവിക്രമയെ ഒപ്പം കൂട്ടി നിലാക്ഷി ചെറുത്തുനിന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മൊമെന്റം നഷ്ടപ്പെടാതെ കാത്തു.

ഒടുവില്‍ 48.2 ഓവറില്‍ ലങ്കയെ 245ല്‍ ഇന്ത്യ എറിഞ്ഞിട്ടു.

ഇന്ത്യയ്ക്കായി സ്‌നേഹ് റാണ നാല് വിക്കറ്റും അമന്‍ജോത് കൗര്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. രണ്ട് ലങ്കന്‍ താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ എന്‍. ചരണിയാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

Content Highlight: IND W vs SL W vs SA W Trination Series: India defeated Sri Lanka in final

Latest Stories

We use cookies to give you the best possible experience. Learn more