| Sunday, 28th December 2025, 9:07 am

കാര്യവട്ടത്ത് വീണ്ടും ഇന്ത്യയിറങ്ങുന്നു; ആധിപത്യം തുടരാനാകുമോ?

ഫസീഹ പി.സി.

ശ്രീലങ്കന്‍ വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടി – 20ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ന് (ഡിസംബര്‍ 29) രാത്രി ഏഴ് മണിക്കാണ് ഈ മത്സരം നടക്കുക. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് ഈ മത്സരവും അരങ്ങേറുന്നത്.

നിലവില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയം ഹര്‍മന്‍പ്രീത് കൗറും സംഘത്തിനുമായിരുന്നു. ഈ മത്സരങ്ങളിലും ആധികാരികമായ വിജയമാണ് ഇന്ത്യ നേടിയെടുത്തത്. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യൻ വനിതകൾ. Photo: BCCI Women/x.com

വിശാഖപട്ടണത്ത് വെച്ച് തന്നെ നടന്ന രണ്ടാം മത്സരത്തിലും ടീം വിജയം നേടിയെടുത്തു. ഇത്തവണ ഏഴ് വിക്കറ്റിനായിരുന്നു ജയം. മൂന്നാം മത്സരത്തിലും ലങ്കന്‍ വനിതകള്‍ക്ക് വലിയ പോരാട്ടം നടത്താന്‍ സാധിച്ചില്ല.

കാര്യവട്ടം സ്റ്റേഡിയത്തിലെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കയെ ഇന്ത്യ കുഞ്ഞൻ സ്‌കോറിൽ ഒതുക്കിയിരുന്നു. രേണുക സിങ്ങും ദീപ്തി ശർമയുമാണ് ബൗളിങ്ങിൽ ടീമിനായി തിളങ്ങിയത്. 113 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയപ്പോള്‍ സന്ദര്‍ശകര്‍ ഷെഫാലിയുടെ ബാറ്റിങ്ങിന്റെ ചൂടുമറിഞ്ഞു. അങ്ങനെ ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കി.

ഷെഫാലി വർമയും ഹർമൻപ്രീത് കൗറും. Photo: BCCI Women/x.com

മൂന്നാം മത്സരത്തില്‍ ബൗള്‍ കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയത് നാലാം മത്സരത്തിലും ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്. ഒപ്പം പരമ്പരയില്‍ ഇതുവരെ ഫോമിലേക്ക് എത്താത്ത സ്മൃതി മന്ഥാന ബാറ്റ് കൊണ്ട് വെടിക്കെട്ട് തീര്‍ക്കുമോ എന്ന ആകാംഷയിലുമാണ്. ഇതിനായാണ് തലസ്ഥാന നഗരിയിലെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.

ഇന്ത്യ നാലാം മത്സരത്തിലും തങ്ങളുടെ ആധിപത്യം തുടരുകയെന്ന ലക്ഷ്യത്തില്‍ ഇറങ്ങുമ്പോള്‍ ഒരു വിജയമെങ്കിലും നേടാനാവും ലങ്കന്‍ വനിതകള്‍ ആഗ്രഹിക്കുന്നത്. പരമ്പര കൈവിട്ടെങ്കിലും ആശ്വാസജയം മുന്നില്‍ കണ്ടാവും സന്ദര്‍ശകര്‍ കാര്യവട്ടത്ത് വീണ്ടും ഇറങ്ങുക.

Content Highlight: Ind W vs SL w: 4th T20I match of Sri Lankan Women of India Tour will take place in Karyavattom Greenfiled Stadium, Thiruvananthapuram

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more