| Sunday, 11th May 2025, 2:44 pm

ഒറ്റ മത്സരത്തില്‍ പിറന്ന രണ്ട് ചരിത്ര റെക്കോഡ്, അതിലൊന്ന് ഇന്ത്യയെ തന്നെ രണ്ടാമതാക്കി! ഇതുക്കും മേലെ വേറെ എന്തുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന ട്രൈനേഷന്‍ സീരിസ് ഫൈനലില്‍ ആതിഥേയര്‍ക്കെതിരെ റണ്‍മല തീര്‍ത്ത് ഇന്ത്യ. കൊളംബോയിലെ ആര്‍. പ്രേമദാസ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂപ്പര്‍ താരം സ്മൃതി മന്ഥാനയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

101 പന്തില്‍ 116 റണ്‍സ് നേടിയാണ് മന്ഥാന മടങ്ങിയത്. 15 ഫോറും രണ്ട് സിക്‌സറും അടക്കം 114.85 സ്‌ട്രൈക്ക് റേറ്റിലാണ് മന്ഥാന സ്‌കോര്‍ ചെയ്തത്.

മന്ഥാനയ്ക്ക് പുറമെ ഹര്‍ലീന്‍ ഡിയോള്‍ (56 പന്തില്‍ 47), ജെമീമ റോഡ്രിഗസ് (29 പന്തില്‍ 44), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30 പന്തില്‍ 41) എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങളും ഇന്ത്യന്‍ നിരയില്‍ കരുത്തായി.

ഈ മികച്ച ഇന്നിങ്‌സിന് പിന്നാലെ രണ്ട് ചരിത്ര നേട്ടങ്ങളാണ് ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്. എവേ ഗ്രൗണ്ടില്‍ ഇന്ത്യന്‍ വനിതകള്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന നേട്ടവും ശ്രീലങ്കന്‍ മണ്ണിലെ ഏറ്റവുമുയര്‍ന്ന ഡബ്ല്യൂ.ഒ.ഡി.ഐ ടോട്ടല്‍ എന്ന റെക്കോഡുമാണ് ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്.

2022ല്‍ കാന്റര്‍ബറിയില്‍ ഇംഗ്ലണ്ടിനെതിരെ കുറിച്ച 333/5 ആയിരുന്നു ഇക്കാലം വരെ എവേ ഗ്രൗണ്ടില്‍ ഇന്ത്യന്‍ വനിതകളുടെ ഏറ്റവുമുയര്‍ന്ന ഏകദിന ടോട്ടല്‍.

ഏവേ ഗ്രൗണ്ടില്‍ ഇന്ത്യന്‍ വനിതകള്‍ നേടുന്ന ഏറ്റവുമുയര്‍ന്ന ഏകദിന ടോട്ടല്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

342/7 – ശ്രീലങ്ക – കൊളംബോ – 2025*

333/5 – ഇംഗ്ലണ്ട് – കാന്റര്‍ബറി – 2022

302/4 – സൗത്ത് ആഫ്രിക്ക – കിംബെര്‍ലി – 2018

289/2 – പാകിസ്ഥാന്‍ – കറാച്ചി – 2005

281/3 – ഇംഗ്ലണ്ട് – ഡെര്‍ബി – 2017

ലങ്കന്‍ മണ്ണില്‍ ഒരു വനിതാ ടീം നേടുന്ന ഏറ്റവുമുയര്‍ന്ന ഏകദിന ടോട്ടലില്‍ തങ്ങളുടെ തന്നെ റെക്കോഡാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്. ഈ ത്രിരാഷ്ട്ര പരമ്പരയില്‍ മെയ് ഏഴിന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നേടിയ 337 റണ്‍സിന്റെ റെക്കോഡാണ് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ പഴങ്കഥയായത്.

ശ്രീലങ്കന്‍ മണ്ണിലെ ഏറ്റവുമുയര്‍ന്ന വനിതാ ഏകദിന ടോട്ടലുകള്‍

(ടീം – എതിരാളികള്‍ – സ്‌കോര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ഇന്ത്യ – ശ്രീലങ്ക – 342/7 – കൊളംബോ – 2025*

ഇന്ത്യ – സൗത്ത് ആഫ്രിക്ക – 337/9 – കൊളംബോ – 2025

ഇംഗ്ലണ്ട് – ശ്രീലങ്ക – 331/7 – ഹാബന്റോട്ട – 2019

ന്യൂസിലാന്‍ഡ് – ശ്രീലങ്ക – 329/7 – ഗല്ലെ – 2023

ശ്രീലങ്കയ്ക്കായി സുഗന്ധിക കുമാരി, ദേവ്മി വിഹംഗ, മാല്‍കി മധാര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഇനോക രണവീര ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 എന്ന നിലയിലാണ്. ബ്രോണ്‍സ് ഡക്കായി മടങ്ങിയ ഹാസിനി പെരേരയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.

14 പന്തില്‍ 12 റണ്‍സുമായി ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവും ഏഴ് പന്തില്‍ മൂന്ന് റണ്‍സുമായി വിഷ്മി ഗുണരത്‌നെയുമാണ് ക്രീസില്‍.

Content Highlight: IND W vs SL W: India set two records in tri nation series final

We use cookies to give you the best possible experience. Learn more