| Sunday, 29th June 2025, 8:30 am

അരങ്ങേറ്റ മത്സരത്തില്‍ തിരുത്തിയത് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം; ഇതാ ഇവിടെ ഒരു നക്ഷത്രം പിറവിയെടുത്തിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടി-20യില്‍ തകര്‍പ്പന്‍ വിജയവുമായി സന്ദര്‍ശകര്‍. മാഞ്ചസ്റ്ററിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 97 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ 113ന് പുറത്തായി.

ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ സെഞ്ച്വറിയുടെയും അരങ്ങേറ്റക്കാരി ശ്രീ ചാരണിയുടെ ഫോര്‍ഫറുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് ടി-20കളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിയെഴുതിയാണ് ശ്രീ ചാരണിയെന്ന 20കാരി വരവറിയിച്ചത്. ടി-20 ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത് ബൗളിങ് ഫിഗര്‍ എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.

ടി-20 അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ (വനിതകള്‍)

(താരം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ശ്രാവന്തി നായിഡു – ബംഗ്ലാദേശ് – 4/9 – 2014

എന്‍. ശ്രീ ചാരണി – ഇംഗ്ലണ്ട് – 4/12 – 2025*

പൂനം യാദവ് – ബംഗ്ലാദേശ് – 3/21 – 2013

സോണിയ ദാബിര്‍ – ഇംഗ്ലണ്ട് – 3/23 – 2010

രാജേശ്വരി ഗെയ്ക്വാദ് – ശ്രീലങ്ക – 3/24 – 2014

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 62 പന്ത് നേരിട്ട താരം 112 റണ്‍സുമായി പുറത്തായി. 15 ഫോറും മൂന്ന് സിക്‌സറും അടക്കം 180.96 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്ത താരത്തിന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയാണിത്.

മന്ഥാനയ്ക്ക് പുറമെ ഹര്‍ലീന്‍ ഡിയോളും മികച്ച പ്രകടനം പുറത്തെടുത്തു. 23 പന്തില്‍ 43 റണ്‍സാണ് താരം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ഷെഫാലി വര്‍മ തിരിച്ചുവരവില്‍ 22 പന്തില്‍ 20 റണ്‍സും നേടി.

ഒടുവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി.

ഇംഗ്ലണ്ടിനായി ലോറന്‍ ബെല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ എമിലി ആര്‍ലോട്ടും സോഫി എക്കല്‍സ്റ്റോണും ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടമായി. എങ്കിലും ക്യാപ്റ്റന്‍ നാറ്റ് സ്‌കിവര്‍ ബ്രണ്ട് ചെറുത്തുനിന്നു. 42 പന്തില്‍ 66 റണ്‍സാണ് ബ്രണ്ട് സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് നിരയില്‍ മറ്റാര്‍ക്കും തന്നെ ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. പത്ത് പന്തില്‍ 12 റണ്‍സ് നേടിയ എമിലി ആര്‍ലോട്ടാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ഇവര്‍ക്ക് പുറമെ തന്‍സിം ബ്യൂമൗണ്ട് 11 പന്തില്‍ പത്ത് റണ്‍സും സ്വന്തമാക്കി. ഈ മൂന്ന് പേരൊഴികെ ഇംഗ്ലണ്ട് നിരയില്‍ മറ്റാര്‍ക്കും തന്നെ ഇരട്ടയക്കം കാണാനായില്ല.

ഒടുവില്‍ 14.5 ഓവറില്‍ ഇംഗ്ലണ്ട് 113ന് പുറത്തായി.

ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ എന്‍. ചാരണി നാല് വിക്കറ്റ് വീഴ്ത്തി. 3.5 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങിയാണ് ചാരിണി നാല് ഇംഗ്ലീഷ് താരങ്ങളെ മടക്കിയത്. രാധ യാദവും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അരുന്ധതി റെഡ്ഡിയും അമന്‍ജോത് കൗറും ഓരോ വിക്കറ്റും സ്വന്തമാക്കി.

ജൂലൈ ഒന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. സിയാറ്റ് യുണീക് സ്റ്റേഡിയമാണ് വേദി.

Content Highlight: IND W vs ENG W: Sree Charini set the record of second best figures for India Women on WT20I debut

We use cookies to give you the best possible experience. Learn more