ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ ഒപ്പമെത്തിയിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 293 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 190 റണ്‍സിന് പുറത്താവുകയായിരുന്നു.
സൂപ്പര്‍ താരം സ്മൃതി മന്ഥാനയുടെ സെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. 91 പന്തില്‍ നിന്നും 117 റണ്‍സാണ് മന്ഥാന സ്റ്റോമില്‍ പിറവിയെടുത്തത്. ഒപ്പം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ടോട്ടലും കഴിഞ്ഞ ദിവസം മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കുറിക്കപ്പെട്ടു.
മന്ഥാനയ്ക്ക് പുറമെ ദീപ്തി ശര്‍മ (53 പന്തില്‍ 40), റിച്ച ഘോഷ് (33 പന്തില്‍ 29), സ്‌നേഹ് റാണ (18 പന്തില്‍ 24) എന്നിവരുടെ പ്രകടനവും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അലീസ ഹീലിയെയും സംഘത്തെയും ക്രാന്തി ഗൗഡിന്റെ നേതൃത്വത്തില്‍ ഇന്ത്യ എറിഞ്ഞിട്ടപ്പോള്‍ ഓസ്‌ട്രേലിയയുടെ പോരാട്ടം 40.5 ഓവറില്‍ 190ല്‍ അവസാനിച്ചു.
102 റണ്‍സിനായിരുന്നു ഓസീസിന്റെ തോല്‍വി. വനിതാ ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. 100+ റണ്‍സ് മാര്‍ജിനില്‍ ഇതാദ്യമായാണ് ഓസ്‌ട്രേലിയന്‍ വനിതകള്‍ പരാജയപ്പെടുന്നത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
(തോല്‍വിയുടെ മാര്‍ജിന്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
102 റണ്‍സ് – ഇന്ത്യ – ന്യൂ ചണ്ഡിഗഡ് – 2025*
92 റണ്‍സ് – ഇംഗ്ലണ്ട് – ബെര്‍മിങ്ഹാം – 1973
88 റണ്‍സ് – ഇന്ത്യ – ചെന്നൈ – 2004
84 റണ്‍സ് – സൗത്ത് ആഫ്രിക്ക – നോര്‍ത്ത് സിഡ്‌നി – 2024
82 റണ്‍സ് – ന്യൂസിലാന്‍ഡ് – ലിങ്കണ്‍ – 2008
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടിയിട്ടും ഓസീസ് പിന്തുടര്‍ന്ന് വിജയിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 282 റണ്‍സിന്റെ വിജയലക്ഷ്യം ഫോബ് ലീച്ച്ഫീല്‍ഡ്, ബെത് മൂണി, അന്നബെല്‍ സതര്‍ലന്‍ഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവില്‍ ഓസീസ് മറികടക്കുകയായിരുന്നു.
സെപ്റ്റംബര്‍ 20നാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി. ലോകകപ്പിന് മുമ്പ് ഈ വിജയത്തോടെ ആത്മവിശ്വാസം നേടിയെടുക്കാന്‍ തന്നെയാകും ഇന്ത്യയൊരുങ്ങുന്നത്.
സെപ്റ്റംബര്‍ 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ടൂര്‍ണമെന്റിന്റെ സഹ ആതിഥേയരായ ശ്രീലങ്കയെ ഇന്ത്യ നേരിടും. അസമിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.
ഇതിന് മുമ്പ് ഇംഗ്ലണ്ടിനെതിരെയും ന്യൂസിലാന്‍ഡിനെതിരെയും സന്നാഹ മത്സരങ്ങളിലും ഇന്ത്യ കളത്തിലിറങ്ങും.
Content Highlight: IND W vs AUS W: India inflicts biggest defeat on Australia in ODIs