ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വിജയം സ്വന്തമാക്കി സന്ദര്‍ശകര്‍. റണ്ണൊഴുകിയ ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.
ഓസീസ് ഉയര്‍ത്തിയ 413 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 47 ഓവറില്‍ 369ന് പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കാനും ഓസ്ട്രേലിയക്ക് സാധിച്ചു.
സ്‌കോര്‍
ഓസ്ട്രേലിയ: 412/10 (47.5)
ഇന്ത്യ: 369/10 (47)
ഈ മത്സരത്തില്‍ വനിതാ ഏകദിനത്തിലെ ഒരു ചരിത്ര റെക്കോഡും പിറവിയെടുത്തിരുന്നു. വനിതാ ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന അഗ്രഗേറ്റ് സ്‌കോറിന്റെ നേട്ടമാണ് ദല്‍ഹിയില്‍ പിറന്നത്.
ഇരു ടീമുകളും ചേര്‍ന്ന് 781 റണ്‍സാണ് അടിച്ചെടുത്തത്. 2017ല്‍ ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും ചേര്‍ന്ന് നേടിയ 678 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ഇംഗ്ലണ്ട് 373 റണ്‍സും സൗത്ത് ആഫ്രിക്ക 305 റണ്‍സുമാണ് മത്സരത്തില്‍ നേടിയത്.
ഇതിനൊപ്പം വനിതാ ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ചെയ്സിങ്ങില്‍ 300 റണ്‍സ് പിന്നിടുന്ന ആദ്യ ടീം കൂടിയാണ് ഇന്ത്യ.
മത്സരത്തില്‍ നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലി ബാറ്റിങ് തെരഞ്ഞെടുത്തു. ഓരോ വിക്കറ്റിലും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഓസ്ട്രേലിയ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു.
നേരിട്ട 57ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബെത് മൂണിയുടെ കരുത്തിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്. 45ാം ഓവറിലെ മൂന്നാം പന്തില്‍ റണ്‍ ഔട്ടായി മടങ്ങുന്നതിന് മുമ്പ് 75 പന്ത് നേരിട്ട മൂണി 138 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. 23 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ജോര്‍ജിയ വോള്‍ (68 പന്തില്‍ 81), എല്ലിസ് പെറി (72 പന്തില്‍ 68), ആഷ്‌ലീഗ് ഗാര്‍ഡ്ണര്‍ (24 പന്തില്‍ 39), അലീസ ഹീലി (18 പന്തില്‍ 30) എന്നിവരുടെ കരുത്തില്‍ ഓസീസ് 47.5 ഓവറില്‍ 412ലെത്തി.
ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മയും രേണുക സിങ് താക്കൂറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ സ്‌നേഹ് റാണയും ക്രാന്തി ഗൗഡും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പ്രതീക റാവലിനെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഹര്‍ലീന്‍ ഡിയോളിനെ ഒരറ്റത്ത് നിര്‍ത്തി സ്മൃതി മന്ഥാന റണ്ണടിച്ചുകൂട്ടി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.
85 റണ്‍സില്‍ നില്‍ക്കവെ 11 റണ്‍സ് നേടിയ ഡിയോളിനെ നഷ്ടപ്പെട്ടതോടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ക്രീസിലെത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തി.
ടീം സ്‌കോര്‍ 206ല്‍ നില്‍ക്കെ 35 പന്തില്‍ 52 റണ്‍സ് നേടിയ കൗറിനെ പുറത്താക്കി കിം ഗാര്‍ത് ബ്രേക് ത്രൂ നേടി. അധികം വൈകാതെ മന്ഥാനയെയും പുറത്താക്കി ഓസ്‌ട്രേലിയ ഇന്ത്യയെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. 63 പന്തില്‍ 125 റണ്‍സടിച്ചാണ് താരം മടങ്ങിയത്.
തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയ മൊമെന്റം വീണ്ടെടുത്തു. 72 റണ്‍സുമായി ദീപ്തി ശര്‍മയും 35 റണ്‍സുമായി സ്‌നേഹ് റാണയും പൊരുതിയെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ ആ ചെറുത്തുനില്‍പ് പോരാതെ വരികയായിരുന്നു.
Content Highlight: IND W vs AUS W: Australia won the 3rd ODI and sealed the series