| Saturday, 20th September 2025, 7:06 pm

നാണക്കേട് സമ്മാനിച്ച ഇന്ത്യയെ നാണക്കേടിലേക്ക് തള്ളിയിട്ട് ഓസീസ്; തിരുത്തിയത് സ്വന്തം ക്രിക്കറ്റ് ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയന്‍ വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 412 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലുമായി സന്ദര്‍ശകര്‍. അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബെത് മൂണിയുടെ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയും രണ്ടാം മത്സരത്തില്‍ ഇന്ത്യയും വിജയിച്ചതിനാല്‍ മൂന്നാം ഏകദിനത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഏകദിന ലോകകപ്പ് പടിക്കലെത്തി നില്‍ക്കുമ്പോള്‍ സ്വന്തമാക്കുന്ന പരമ്പര വിജയം ഇരു ടീമിന്റെയും ആത്മവിശ്വാസമേറ്റാന്‍ പോന്നതാണ്.

മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലി ബാറ്റിങ് തെരഞ്ഞെടുത്തു. ഓരോ വിക്കറ്റിലും മികച്ച കൂട്ടുകെട്ടുണ്ടാക്കി ഓസീസ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു.

നേരിട്ട 57ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബെത് മൂണിയുടെ കരുത്തിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്. വനിതാ ഏകദിനത്തില്‍ ഒരു താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത് സെഞ്ച്വറിയാണിത്. 45 പന്തില്‍ സെഞ്ച്വറി നേടിയ മെഗ് ലാന്നിങ് ആണ് പട്ടികയില്‍ ഒന്നാമത്.

45ാം ഓവറിലെ മൂന്നാം പന്തില്‍ റണ്‍ ഔട്ടായി മടങ്ങുന്നതിന് മുമ്പ് 75 പന്ത് നേരിട്ട മൂണി 138 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. 23 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ജോര്‍ജിയ വോള്‍ (68 പന്തില്‍ 81), എല്ലിസ് പെറി (72 പന്തില്‍ 68), ആഷ്‌ലീഗ് ഗാര്‍ഡ്ണര്‍ (24 പന്തില്‍ 39), അലീസ ഹീലി (18 പന്തില്‍ 30) എന്നിവരുടെ കരുത്തില്‍ ഓസീസ് 47.5 ഓവറില്‍ 412ലെത്തി.

ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ഏകദിന ടോട്ടലാണ് ദല്‍ഹിയില്‍ പിറന്നത്. 1997ല്‍ ബെലിന്‍ഡ ക്ലാര്‍ക്കിന്റെ ഇരട്ട സെഞ്ച്വറി കരുത്തില്‍ നേടിയ 412 റണ്‍സിന്റെ റെക്കോഡിനൊപ്പം ഒന്നാം സ്ഥാനം പങ്കിടാനും ഈ പ്രകടനത്തിനായി. അന്താരാഷ്ട്ര വനിതാ ഏകദിനത്തിലെ ഏറ്റവും മികച്ച ആറാമത് ടോട്ടലും ഇതുതന്നെ.

ഇതിനൊപ്പം വനിതാ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും മികച്ച ടോട്ടലിന്റെ നേട്ടവും ഇതോടെ പിറവിയെടുത്തു. ഇതാദ്യമായാണ് വനിതാ ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു ടീം 400+ റണ്‍സ് നേടുന്നത്.

ഇതോടെ രണ്ടാം ഏകദിനത്തില്‍ വഴങ്ങിയ തോല്‍വിക്കും മോശം റെക്കോഡിനും മധുരപ്രതികാരം വീട്ടാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. രണ്ടാം ഏകദിനത്തില്‍ 102 റണ്‍സിനാണ് ഇന്ത്യ സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്. ഇതാദ്യമായാട്ടാണ് ഓസീസ് 100+ റണ്‍സിന്റെ തോല്‍വി വഴങ്ങിയത്.

അതേസമയം, മത്സരത്തില്‍ ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മയും രേണുക സിങ് താക്കൂറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ സ്‌നേഹ് റാണയും ക്രാന്തി ഗൗഡും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content highlight: IND W vs AUS W: Australia scored 412 runs

We use cookies to give you the best possible experience. Learn more