വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം തന്നെ മികച്ച പ്രകടനവുമായി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍. മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് താരം തിളങ്ങുന്നത്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇടം കൈയ്യന്‍ ബാറ്റര്‍ ഒന്നാം ദിനം തന്നെ 173 റണ്‍സാണ് അടിച്ചെടുത്തത്.
ജെയ്സ്വാള്‍ 253 പന്തുകള്‍ നേരിട്ടാണ് ആദ്യ ദിനം തന്നെ സെഞ്ച്വറി കരസ്ഥമാക്കിയത്. 22 ഫോറുകളാണ് താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. ഈ പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തത്.
ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങളില്‍ ആദ്യ ദിനം ഒന്നിലധികം 150+ സ്‌കോറുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് ജെയ്സ്വാള്‍ ഈ പ്രകടനത്തോടെ ഇടം പിടിച്ചത്. ഇങ്ങനെ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ജെയ്സ്വാള്‍. വിന്‍ഡീസിനെതിരെയായ പ്രകടനത്തിന് പുറമെ, താരം 2024ല്‍ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെ ഒന്നാം ദിവസം 179 റണ്‍സ് നേടിയിരുന്നു. ഇന്ന് കൂടി 150+ റണ്‍സ് സ്‌കോര്‍ ചെയ്തതോടെയാണ് താരം ഈ പട്ടികയില്‍ ഇടം പിടിച്ചത്.
ഇതിന് മുമ്പ് ഈ നേട്ടം കുറിച്ചത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. 2016ലും 2017ലുമാണ് കോഹ്‌ലി ആദ്യ ദിനം തന്നെ 150+ റണ്‍സ് നേടിയത്. 2016ല്‍ വിശാഖപട്ടണത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ താരം151 റണ്‍സ് എടുത്തിരുന്നു. ഇതിന് പുറമെ, താരം 2017ല്‍ ദല്‍ഹില്‍ ശ്രീലങ്കക്കെതിരെ 156 റണ്‍സും സ്‌കോര്‍ ചെയ്തു.
അതേസമയം, മത്സരം ഒന്നാം ദിവസം സ്റ്റംപ് ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 318 റണ്‍സാണ് എടുത്തിട്ടുള്ളത്. ജെയ്സ്വാളിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ക്രീസില്‍. ഗില്‍ 68 പന്തില്‍ മൂന്ന് ഫോറടക്കം 20 റണ്‍സുമായാണ് നിലയുറപ്പിച്ചിട്ടുള്ളത്.
സായ് സുദര്‍ശന്‍, കെ.എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സുദര്‍ശന്‍ 65 പന്തുകളില്‍ 12 ഫോറടക്കം 87 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 54 പന്തില്‍ 38 റണ്‍സ് സ്‌കോര്‍ ചെയ്തു.
വിന്‍ഡീസിനായി രണ്ട് വിക്കറ്റും നേടിയത് ജോമല്‍ വാരിക്കനാണ്. താരം 20 ഓവറില്‍ 60 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. മറ്റുള്ളവര്‍ മികച്ച ബൗളിങ് നടത്തിയെങ്കിലും ഇന്ത്യയ്ക്ക് വലിയ തിരിച്ചടികള്‍ സമ്മാനിക്കാനായില്ല.
Content Highlight: Ind vs WI: Yashasvi Jaiswal became second Indian to score multiple 150+ score in first day of a Test in India after Virat Kohli