| Tuesday, 29th September 2026, 9:55 pm

ഏതൊരു ടീമും ആഗ്രഹിക്കുന്ന ക്രിക്കറ്റര്‍, എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാള്‍; പ്രശംസയുമായി സായ്‌രാജ് ബഹുതുലെ

ആദർശ് എം.കെ.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്രശംസിച്ച് ഇന്ത്യന്‍ സ്പിന്‍ ബൗളിങ് പരിശീലകന്‍ സായ്‌രാജ് ബഹുതുലെ.

മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുൽദീപ് യാദവ്. Photo: BCCI/x.com

‘ഏതൊരു ടീമും തങ്ങളുടെ ടീമില്‍ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു കളിക്കാരനാണ് കുല്‍ദീപ്. മൈതാനത്തിന് അകത്തും പുറത്തും അവന്‍ എപ്പോഴും ഊര്‍ജ്ജസ്വലനാണ്.

അതേസമയം, അവന്റെ വ്യത്യസ്തമായ ബൗളിങ് ശൈലിയും കഴിവും വിവിധ സാഹചര്യങ്ങളില്‍ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുന്നു.

ഒരു റിസ്റ്റ് സ്പിന്നര്‍ എന്ന നിലയില്‍ അവന്‍ ടീമിന് വലിയ കരുത്താണ് നല്‍കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് കുല്‍ദീപ്.

അവന്‍ കൈവരിച്ച നേട്ടങ്ങളും കണക്കുകളും അത് വ്യക്തമാക്കുന്നുണ്ട്. അവന്‍ എല്ലായ്‌പ്പോഴും കഠിനാധ്വാനം ചെയ്യാറുണ്ട്. മെച്ചപ്പെടണമെന്ന് തോന്നുന്ന മേഖലകളില്‍ നെറ്റ്‌സില്‍ പോയി അവന്‍ പരിശീലനം നടത്തുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

കുൽദീപ് യാദവ്. Photo: BCCI/x.com

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പത്ത് ഓവറില്‍ 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവായിരുന്നു കളിയിലെ താരം.

ആദ്യ ഏകദിനത്തില്‍ 10 ഓവറില്‍ 54 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാന്‍ സാധിക്കാതിരുന്ന രവീന്ദ്ര ജഡേജയെക്കുറിച്ചും ബഹുതുലെ സംസാരിച്ചു.

‘എന്നെ സംബന്ധിച്ച് ജഡേജ എപ്പോഴും ഒരു യൂട്ടിലിറ്റി പ്ലെയറാണ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീമിന് സംഭാവന നല്‍കാന്‍ കഴിയുന്ന താരം. കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു ബൗളര്‍ എന്ന നിലയില്‍ അവന്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അവന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു.

രവീന്ദ്ര ജഡേജ. Photo: BCCI/x.com

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള അവന്റെ ആദ്യ ഏകദിന മത്സരമായിരുന്നു ഇത്. ബാറ്റിംഗ് മികവും മുന്‍പരിചയവുമുള്ള ജഡേജ തീര്‍ച്ചയായും നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. വരും കാലങ്ങളിലും ടീം മാനേജ്മെന്റ് അവനെ ഗൗരവമായി തന്നെ പരിഗണിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മൂന്ന് മത്സരങ്ങളുടെ സീരീസിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച് നേരിട്ട് പരമ്പര സ്വന്തമാക്കാനാണ് ഗുവാഹത്തിയില്‍ ഇന്ത്യയിറങ്ങുന്നത്. ഗ്രീന്‍ഫില്‍ഡില്‍ പരാജയപ്പെട്ട വിന്‍ഡീസിന് പരമ്പര കൈവിടാതെ സൂക്ഷിക്കാന്‍ വിജയം അനിവാര്യമാണ്.

Content Highlight: IND vs WI: Sairaj Bahutule praises Kuldeep Yadav

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more