| Monday, 13th October 2025, 12:28 pm

വിന്‍ഡീസിനെ ഉയര്‍ത്തെഴുന്നേല്പിച്ച് കാംബെലും ഹോപ്പും; 14 വര്‍ഷങ്ങള്‍ക്ക് ശേഷം കുറിച്ചത് ചരിത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ദല്‍ഹിയില്‍ പുരോഗമിക്കുകയാണ്. നിലവില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന വിന്‍ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് എടുത്തിട്ടുണ്ട്. ജോണ്‍ കാംബെലിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് തങ്ങളുടെ സ്‌കോര്‍ ഉയര്‍ത്തിയത്.

നിലവില്‍ ഷായ് ഹോപ്പും റോസ്റ്റോണ്‍ ചെയ്സുമാണ് ക്രീസിലുള്ളത്. ഹോപ്പ് 190 പന്തില്‍ 92 റണ്‍സും നേടിയപ്പോള്‍ ചെയ്സ് 34 പന്തില്‍ 23 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

നാലാം ദിനം സെഞ്ച്വറി നേടിയ കാംബെലിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. താരം 199 പന്തില്‍ 115 റണ്‍സ് നേടിയാണ് തിരികെ നടന്നത്. മൂന്ന് സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു ഓപ്പണറുടെ ഇന്നിങ്സ്. കാംബെല്‍, ഹോപ്പുമായി 177 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് മടങ്ങിയത്.

ഇന്ത്യക്കെതിരെ വിന്‍ഡീസ് ഇങ്ങനെ ഒരു 150+ കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത് 14 വര്‍ഷത്തിന് ശേഷമാണ്. ഇതിന് മുമ്പ് 2011ലാണ് കരീബിയന്‍ പട ഒരു പാര്‍ട്ണര്‍ഷിപ്പ് ഇങ്ങനെ നേടിയത്. അന്ന് ഡാരന്‍ ബ്രാവോയും കീരണ്‍ പവലും ചേര്‍ന്ന് മുംബൈയില്‍ ഉയര്‍ത്തിയത് 160 റണ്‍സിന്റെ കൂട്ടുകെട്ടാണ്.

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണിന് അയച്ചിരുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് നടത്തിയ ടീമിന് മൂന്നാം ദിനം തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

ചന്ദ്രപോളിന്റെയും (30 പന്തില്‍ 10), അത്തനാസെയുടെയും (17 പന്തില്‍ ഏഴ്) വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഇതിന് പിന്നാലെയാണ് കാംബെലും ഹോപ്പും ഒത്തുചേര്‍ന്നതും ചരിത്ര കൂട്ടുകെട്ട് ഉയര്‍ത്തിയതും.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചിന് 518 എന്ന സ്‌കോറിന് ഡിക്ലയര്‍ ചെയ്തിരുന്നു. യശസ്വി ജെയ്സ്വാളും ശുഭ്മന്‍ ഗില്ലിന്റെയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍ എത്തിയത്. ജെയ്‌സ്വാള്‍ (258 പന്തില്‍ നിന്ന് 175), ഗില്‍ (196 പന്തില്‍ 129 *), സായ് സുദര്‍ശന്‍ (165 പന്തില്‍ 87), ധ്രുവ് ജുറെല്‍ (79 പന്തില്‍ 44), നിതീഷ് കുമാര്‍ റെഡ്ഡി (54 പന്തില്‍ 43), കെ.എല്‍ രാഹുല്‍ (54 പന്തില്‍ 38) മികച്ച ബാറ്റിങ് നടത്തി.

വിന്‍ഡീസിനായി ഒന്നാം ഇന്നിങ്‌സില്‍ അലിക്ക് അത്തനാസെ (84 പന്തില്‍ 41), ഷായ് ഹോപ്പ് (57 പന്തില്‍ 36), തഗനരെയ്ന്‍ ചന്ദ്രപോള്‍ (67 പന്തില്‍ 34), ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് (93 പന്തില്‍ 24*) എന്നിവര്‍ മികവ് പുലര്‍ത്തി.

കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇവര്‍ക്കൊപ്പം, മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

Content Highlight: Ind vs WI: John Camphell and Shai Hope build a 150+ partnership against India after 14 years

We use cookies to give you the best possible experience. Learn more