| Wednesday, 30th September 2026, 10:14 pm

തിരിച്ചടിക്കാന്‍ പോന്നവര്‍ ഇവിടെയുമുണ്ടെന്ന് ഓര്‍ക്കണ്ടേ! സൗത്ത് ആഫ്രിക്കയ്ക്ക് ശേഷം ആദ്യം; വെറും വിജയമല്ല, ചരിത്ര വിജയം

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടി ആതിഥേയര്‍. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ 39 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

ഏകദിന ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഒരു ടീം 375+ റണ്‍സ് ചെയ്‌സ് ചെയ്ത് വിജയിക്കുന്നത്. 2006ല്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 434 റണ്‍സിന്റെ വിജയലക്ഷ്യം ഹെര്‍ഷല്‍ ഗിബ്‌സിന്റെ സെഞ്ച്വറി കരുത്തില്‍ പിന്തുടര്‍ന്ന് വിജയിച്ചതാണ് ഇതിന് മുമ്പ് ഏകദിന ചരിത്രത്തിലെ ഏക സക്‌സസ്ഫുള്‍ 375+ റണ്‍ ചെയ്‌സ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ്, ഓപ്പണര്‍ ജോണ്‍ കാംബെല്‍, നായകന്‍ ഷായ് ഹോപ്പ്, സൂപ്പര്‍ താരം ആമിര്‍ ജാംഗു എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

കാംബെല്‍ 68 പന്തില്‍ 101 റണ്‍സ് നേടിയപ്പോള്‍ 77 പന്തില്‍ 114 റണ്‍സടിച്ച് ടോപ്പ് സ്‌കോററായാണ് ആമിര്‍ ജാംഗു കളം വിട്ടത്. 94 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 104 റണ്‍സാണ് നായകന്‍ ഷായ് ഹോപ്പ് സ്വന്തമാക്കിയത്.

ബാറ്റിങ്ങിനെ അകമഴിഞ്ഞ് സഹായിച്ച പിച്ചില്‍ അതിന്റെ എല്ലാ ആനുകൂല്യവും മുതലെടുത്താണ് വിന്‍ഡീസ് കൂറ്റന്‍ റണ്‍മല തീര്‍ത്തത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് രവീന്ദ്ര ജഡേജ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ ഒരു വിന്‍ഡീസ് ബാറ്ററെയും മടക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. വിന്‍ഡീസ് താരങ്ങള്‍ ഇന്ത്യന്‍ ബൗളര്‍മാരെ തച്ചൊതുക്കിയതിന്റെ ക്ലാസിക് മറുപടി കൂടിയാണ് ഒന്നാം വിക്കറ്റില്‍ ഇവരുടെ കൂട്ടുകെട്ടിലൂടെ സാക്ഷ്യം വഹിച്ചത്.

27ാം ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 255ലെത്തിയിരുന്നു.

75 പന്തില്‍ 101 റണ്‍സുമായാണ് രോഹിത് ശര്‍മ പുറത്തായത്. ഏകദിന കരിയറിലെ 12,000 റണ്‍സ് മാര്‍ക്കും രോഹിത് പിന്നിട്ടിരുന്നു.

രോഹിത് പുറത്തായെങ്കിലും പിന്നാലെയെത്തിയ വിരാടിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മാജിക് പുറത്തെടുക്കാന്‍ സാധിക്കാതെ പോയപ്പോഴും ക്യാപ്റ്റന്‍ ഗില്‍ ക്രീസില്‍ ഉറച്ചുനിന്നു.

കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയുമായാണ് ഗില്‍ തിളങ്ങിത്. നേരിട്ട 117ാം പന്തില്‍ ഇരുന്നൂറടിച്ച പ്രിന്‍സ്, ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന താരമായും റെക്കോഡിട്ടു.

133 പന്തില്‍ നിന്നും പുറത്താകാതെ 223 റണ്‍സുമായാണ് ഗില്‍ കരുത്തുകാട്ടിയത്. 26 ഫോറും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

വിരാട് 19 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍, ഋതുരാജ് ഗെയ്ക്വാദ് 37 പന്തില്‍ 31 റണ്‍സ് നേടിയും പുറത്താകാതെ നിന്നു.

ഈ വിജയത്തോടെ മൂന്ന് പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഒക്‌ടോബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

Content Highlight: IND vs WI: India won 2nd ODI and seals the series

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more