വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ (സെപ്റ്റംബര്‍ 30) ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ വിജയം തുടരാന്‍ കൂടിയാണ് അസമിലേക്കിറങ്ങുന്നത്.
ഇതിന് മുമ്പ് രണ്ട് ഏകദിനങ്ങളാണ് ഇന്ത്യ ഈ വേദിയില്‍ കളിച്ചിട്ടുള്ളത്. ഈ രണ്ട് മത്സരത്തിലും മെന്‍ ഇന്‍ ബ്ലൂ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ വേദിയില്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് ആതിഥേയര്‍ നാളെ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്.
2018 ഒക്ടോബര്‍ 21ന് വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഈ വേദിയില്‍ നടന്നത്. അന്ന് ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ സെഞ്ച്വറി കരുത്തില്‍ കരീബിയന്‍സ് ഉയര്‍ത്തിയ 323 റണ്‍സിന്റെ ലക്ഷ്യം രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും കരുത്തില്‍ 47 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
ഇരുവരും സെഞ്ച്വറിയടിച്ചാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഹിറ്റ്മാന്‍ 15 ഫോറും എട്ട് സിക്‌സറും അടക്കം 117 പന്തില്‍ പുറത്താകാതെ 152 റണ്‍സ് നേടിയപ്പോള്‍ 107 പന്തില്‍ 21 ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 140 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.
Photo: BCCI/x.com
പത്താം റണ്‍സില്‍ ഒന്നിച്ച രോകോ സഖ്യം രണ്ടാം വിക്കറ്റില്‍ 246 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
അഞ്ച് മത്സരങ്ങളുടെ പരമ്പര അന്ന് ഇന്ത്യ 3-1ന് വിജയിക്കുകയും ചെയ്തു.
അഞ്ച് വര്‍ഷത്തിന് ശേഷം 2023ലാണ് ഇന്ത്യയുടെ മറ്റൊരു ഏകദിനത്തിനായി ഗുവാഹത്തി വേദിയായത്. അന്ന് ശ്രീലങ്കയായിരുന്നു എതിരാളികള്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ സീരീസ് ഓപ്പണറായിരുന്നു വേദിയില്‍ നടന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ ഇന്ത്യ 50 ഓവറില്‍ 373 റണ്‍സാണ് അടിച്ചെടുത്തത്. വിരാടും രോഹിത്തും ഒപ്പം ശുഭ്മന്‍ ഗില്ലും തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ 67 റണ്‍സിന് വിജയിക്കുകയും ചെയ്തു.
67 പന്തില്‍ 83 റണ്‍സാണ് നായകന്‍ രോഹിത് ശര്‍മ അടിച്ചെടുത്തത്. ഗില്‍ 60 പന്തില്‍ 70ന് പുറത്തായപ്പോള്‍ സെഞ്ച്വറിയുമായാണ് വിരാട് തിളങ്ങിയത്.
രോഹിത് ശര്‍മ. Photo: BCCI/x.com
87 പന്ത് നേരിട്ട് 113 റണ്‍സുമായാണ് വിരാട് കളം നിറഞ്ഞാടിയത്. 12 ഫോറും ഒരു സിക്‌സറുമായിരുന്നു വിരാടിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
വിരാട് കോഹ്ലി. Photo: BCCI/x.com
ബാറ്റിങ്ങിനെ തുണച്ച ഗുവാഹത്തിയിലെ പിച്ചില്‍ ശ്രീലങ്കന്‍ സ്‌കോറും മുന്നൂറ് കടന്നിരുന്നു. ക്യാപ്റ്റന്‍ ദാസുന്‍ ഷണകയുടെ സെഞ്ച്വറിയുടെയും (88 പന്തില്‍ 108) ഓപ്പണര്‍ പാതും നിസങ്കയുടെ അര്‍ധ സെഞ്ച്വറിയുടെയും (80 പന്തില്‍ 72) കരുത്തില്‍ ലങ്ക പൊരുതിയെങ്കിലും വിജയലക്ഷ്യത്തിന് 68 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.
ആ പരമ്പരയില്‍ ഇന്ത്യ 3-0ന് ക്ലീന്‍ സ്വീപ്പ് വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
മുമ്പ് കളിച്ച രണ്ട് ഏകദിനത്തില്‍ രണ്ടിലും ജയിച്ചതിന്റെ പകിട്ടോടെയാണ് ഇന്ത്യ നാളെ മൂന്നാം മത്സരത്തിനിറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ സീരീസിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച് നേരിട്ട് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍, പരമ്പര കൈവിടാതെ സൂക്ഷിക്കാന്‍ വിന്‍ഡീസിനും വിജയം അനിവാര്യമാണ്.
Content Highlight: IND vs WI: India had won both the matches played in Guwahati prior to this.