ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയവുമായി ഇന്ത്യ. ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ആതിഥേയര്‍ നേടിയത്.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തില്‍ 32 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ എതിരാളികളെ ബാറ്റിങ്ങനയക്കുകയായിരുന്നു.
ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെയും മിഡില്‍ ഓര്‍ഡറില്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.
റൂഥര്‍ഫോര്‍ഡ് 34 പന്തില്‍ 56 റണ്‍സും ഷായ് ഹോപ്പ് 37 പന്തില്‍ 52 റണ്‍സും നേടി.
15 റണ്‍സ് നേടിയ അകീല്‍ ഹൊസൈനാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
ഇന്ത്യയ്ക്കായി നമന്‍ ധിര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും നേടി. അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഭിഷേക് ശര്‍മയെയും (10 പന്തില്‍ 21) സഞ്ജു സാംസണെയും (ഒമ്പത് പന്തില്‍ 11) തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ – ഇഷാന്‍ കിഷന്‍ കൂട്ടുകെട്ടിന്റെ കരുത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
43 പന്ത് നേരിട്ട് പുറത്താകാതെ 102 റണ്‍സാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. 95ല്‍ നില്‍ക്കവെ സിക്‌സറടിച്ചുകൊണ്ടായിരുന്നു ശ്രേയസിന്റെ സെഞ്ച്വറി നേട്ടം.
ആറ് സിക്‌സറും പത്ത് ഫോറും അടക്കം 237.21 സ്‌ട്രൈക് റേറ്റിലുമായിരുന്നു ക്യാപ്റ്റന്റെ പ്രകടനം.
27 പന്തില്‍ പുറത്താകാതെ 37 റണ്‍സുമായി ഇഷാന്‍ കിഷന്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലാണ്.
ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചിയാണ് വേദി.
Content highlight: IND vs WI: India defeated West Indies in 1st T20