വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ആദ്യ ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെ 162ല്‍ എറിഞ്ഞിട്ട ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ജുറെല്‍ 210 പന്ത് നേരിട്ട് 125 റണ്‍സ് നേടിയപ്പോള്‍ ജഡേജ 176 പന്തില്‍ 104 റണ്‍സുമായി പുറത്താകാതെ നിന്നു. 197 പന്തില്‍ നൂറ് റണ്‍സടിച്ചാണ് കെ.എല്‍. രാഹുല്‍ മടങ്ങിയത്.
അന്താരാഷ്ട്ര തലത്തില്‍ ജുറെലിന്റെ ആദ്യ സെഞ്ച്വറിയാണിത്. ടെസ്റ്റില്‍ തന്റെ ആറാം മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടാനും ജുറെലിന് സാധിച്ചു.
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലും താരം ഇടം കണ്ടെത്തി. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന 112ാം താരമാണ് ജുറെല്‍.
അതേസമയം, ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസ് വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. നിലവില്‍ 21 ഓവര്‍ പിന്നിടുമ്പോള്‍ 46 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് വിന്‍ഡീസ് ബാറ്റിങ് തുടരുന്നത്.
തഗനരെയ്ന്‍ ചന്ദര്‍പോള്‍ (23 പന്തില്‍ എട്ട്), ജോണ്‍ കാംബെല്‍ (32 പന്തില്‍ 14), ബ്രാന്‍ഡന്‍ കങ് (18 പന്തില്‍ അഞ്ച്), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സ് (നാല് പന്തില്‍ ഒന്ന്), ഷായ് ഹോപ്പ് (14 പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് ഇതിനോടകം നഷ്ടപ്പെട്ടത്.
രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിങ്‌സിലെ വിന്‍ഡീസ് വേട്ടയ്ക്ക് നേതൃത്വം നല്‍കുന്നത്. താരം ഇതിനോടകം മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കിയിട്ടുണ്ട്.
35 പന്തില്‍ 17 റണ്‍സുമായി അലിക് അത്തനാസും ഷായ് ഹോപ്പിന് പിന്നാലെ കളത്തിലിറങ്ങിയ ജസ്റ്റിന്‍ ഗ്രീവ്‌സുമാണ് ക്രീസില്‍.
Content Highlight: IND vs WI: Dhruv Jurel becomes 112th player to Score international century for India