| Friday, 3rd October 2025, 12:21 pm

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം നൂറടിച്ച് രാഹുല്‍; പിടിമുറുക്കി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റില്‍ രണ്ടാം ദിനം പിടിമുറുക്കി ഇന്ത്യ. ഒന്നാം ബാറ്റിങ് തുടരുന്ന മത്സരത്തില്‍ ലീഡ് നേടിയിട്ടുണ്ട്. നിലവില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടിയിട്ടുണ്ട്. സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലിന്റെ കരുത്തിലാണ് ആതിഥേയര്‍ കളിയിലെ കടിഞ്ഞാണ്‍ തങ്ങളുടെ കയ്യിലാക്കിയത്.

67 ഓവറുകള്‍ പിന്നിടുമ്പോള്‍ രാഹുലും ധ്രുവ് ജുറെലുമാണ് ക്രീസിലുള്ളത്. രാഹുല്‍ 192 പന്തില്‍ 100 റണ്‍സാണ് നേടിയാണ് ഇന്ത്യന്‍ ഓപ്പണര്‍ തന്റെ പതിനൊന്നാം ടണ്‍ പൂര്‍ത്തിയാക്കിയത്. 12 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം എവേ ടെസ്റ്റില്‍ ഒരു സെഞ്ച്വറി സ്വന്തമാക്കുന്നത്.

മറുവശത്ത്, ജുറെല്‍ 38 പന്തില്‍ ഒരു ഫോറടക്കം 14 റണ്‍സ് നേടിയാണ് രാഹുലിനൊപ്പം ബാറ്റിങ് നടത്തുന്നത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. ക്യാപ്റ്റന്‍ 100 പന്തില്‍ അഞ്ച് ഫോര്‍ അടിച്ച് 50 റണ്‍സ് നേടിയാണ് പുറത്തായത്. വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സിന് വിക്കറ്റ് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

രണ്ടാം ദിനം ഇന്ത്യ രണ്ടിന് 121 എന്ന നിലയിലായിരുന്നു ബാറ്റിങ് പുനരാരംഭിച്ചത്. ഇതിലേക്ക് 67 റണ്‍സ് കൂടി ചേര്‍ത്തതിന് ശേഷമാണ് രാഹുല്‍ – ഗില്‍ സഖ്യം പിരിയുന്നത്. പിന്നാലെ എത്തിയ ജുറെല്‍ രാഹുലിനൊപ്പം മികച്ച ബാറ്റിങ് നടത്തുകയാണ്. ഇരുവരും ചേര്‍ന്ന് 30 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ശേഷം ഉച്ചഭക്ഷണത്തിന് പിരിയുകയായിരുന്നു.

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ പടയെ ഒന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് പുറത്താക്കാന്‍ സാധിച്ചിരുന്നു. 162 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്.

48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരത്തിന് പുറമെ ഷായ് ഹോപ്പും ( 36 പന്തില്‍ 26) ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സും (43 പന്തില്‍ 24) ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും ബൗളിങ്ങില്‍ മികവ് കാട്ടി. സിറാജ് നാല് വിക്കറ്റും ബുംറ മൂന്ന് വിക്കറ്റും സ്വന്തമാക്കി. കൂടാതെ, കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

Content Highlight: Ind vs WI: Day two Updates: KL Rahul score hundred and India dominates against West Indies

We use cookies to give you the best possible experience. Learn more