ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പതറുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവില്‍ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ സന്ദര്‍ശകര്‍ 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത് സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജാണ്. താരം മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് കരീബിയന്‍ പടയെ വെള്ളം കുടിപ്പിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം തന്നെ വിന്‍ഡീസിനെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് ചേര്‍ക്കുന്നതിനിടെ തന്നെ ഓപ്പണര്‍ മടക്കി അയച്ചു. ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളിനെ (11 പന്തില്‍ 0) വീഴ്ത്തി സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
പിന്നാലെ, മറ്റൊരു ഓപ്പണറായ ജോണ്‍ കാംബെലിനെ ജസ്പ്രീത് ബുംറ മടക്കിയയച്ചു. 19 പന്തില്‍ എട്ട് റണ്‍സെടുത്ത താരത്തെ ബുംറ ഏഴാം ഓവറിലാണ് പുറത്താക്കിയത്.
ബാറ്റിങ്ങിന് എത്തിയ ബ്രാന്‍ഡന്‍ കിങ്ങും അലിക് അതനാസെയും വിന്‍ഡീസിനെ പിടിച്ചുയര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍ ഇരുവരെയും അടുത്ത ഓവറില്‍ തിരികെ ഡഗ് ഔട്ടിലേക്ക് അയച്ച് സിറാജ് വീണ്ടും കരീബിയന്‍ പടയ്ക്ക് പ്രഹരമേല്പിച്ചു.
വിന്‍ഡീസിനായി പിന്നീട് ബാറ്റിങ്ങിനെത്തിയ ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്സ്, ഷായ് ഹോപ്പുമായി ചേര്‍ന്ന് ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തി. ഇരുവരും ചേര്‍ന്ന് 48 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു.
ഇരുവരും ശക്തമായി മുന്നേറികൊണ്ടിരിക്കെ കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 36 പന്തില്‍ 26 റണ്‍സ് എടുത്ത ഹോപ്പിനെ പുറത്താക്കിയാണ് താരം ഇന്ത്യയ്ക്ക് മറ്റൊരു ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഉച്ചഭക്ഷണത്തിന് പിരിയുകയായിരുന്നു.
നിലവില്‍ ക്യാപ്റ്റന്‍ ചെയ്സ് 5 പന്തില്‍ 22 റണ്‍സ് എടുത്ത് ക്രീസില്‍ തുടരുകയാണ്. ജസ്റ്റിന്‍ ഗ്രീവ്‌സാണ് ക്രീസിലുള്ള മറ്റൊരു താരം.
കെ.എല്‍ രാഹുല്‍, യശസ്വി ജെയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ജോണ്‍ കാംബെല്‍, ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, അലിക് അതനാസെ, ബ്രാന്‍ഡന്‍ കിങ്, റോസ്റ്റണ്‍ ചെയ്സ് (ക്യാപ്റ്റന്‍), ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമല്‍ വാരികന്‍, ഖാരി പിയറി, ജൊഹാന്‍ ലെയ്ന്‍, ജെയ്ഡന്‍ സീല്‍സ്
Content Highlight: Ind vs WI: Day one updates: Muhammed Siraj takes three wickets