| Sunday, 11th October 2026, 10:54 pm

ഇന്‍ഡോറില്‍ ഇന്ത്യന്‍ വസന്തം; ജയം, മുമ്പില്‍

ആദർശ് എം.കെ.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിജയവുമായി ഇന്ത്യ. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജു സാംസണ്‍ ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടി തിരിച്ചുനടന്നു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടി അഭിഷേക് ശര്‍മ തകര്‍ത്തടിച്ചു. സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.

ടീം സ്‌കോര്‍ 115ല്‍ നില്‍ക്കവെ ഇഷാന്‍ കിഷനെ പുറത്താക്കി റോസ്റ്റണ്‍ ചെയ്‌സാണ് കൂട്ടുകെട്ട് പൊളിച്ചത്. 18 പന്തില്‍ 37 റണ്‍സാണ് ഇഷാന്‍ നേടിയത്. അതേ ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഒരു റണ്ണിനും പുറത്താക്കി റോസ്റ്റണ്‍ ചെയ്‌സ് ഇരട്ട പ്രഹരം സമ്മാനിച്ചു.

പത്താം ഓവറില്‍ അഭിഷേകിനെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി ഷമര്‍ സ്പ്രിംഗര്‍ വിന്‍ഡീസിന് ബ്രേക്ത്രൂ സമ്മാനിച്ചു. 30 പന്തില്‍ അഞ്ച് സിക്‌സറും ആറ് ഫോറും അടക്കം 69 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയവരില്‍ തിലക് വര്‍മ (16 പന്തില്‍ 28), നിതീഷ് കുമാര്‍ റെഡ്ഡി (14 പന്തില്‍ 21), അക്‌സര്‍ പട്ടേല്‍ (14 പന്തില്‍ 20) എന്നിവരുടെ ഇന്നിങ്‌സ് ഇന്ത്യയെ 223ലെത്തിച്ചു.

വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്സ്, ഷമര്‍ സ്പ്രിംഗര്‍, ഷമര്‍ ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഗുഡാകേഷ് മോട്ടിയും കീമോ പോളും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കം പാളിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ച നായകന്‍ ഷായ് ഹോപ്പിനെ രണ്ടാം ഓവറില്‍ അഞ്ച് റണ്‍സിന് പുറത്താക്കി അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്ക് ഏര്‍ളി അഡ്വാന്റേജ് നല്‍കി.

രണ്ടാം വിക്കറ്റില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും കാമില്‍ പൂരനും ചേര്‍ന്ന് 60 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്‌സിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 67ല്‍ നില്‍ക്കവെ ഹെറ്റിയെ പുറത്താക്കി നമന്‍ ധിര്‍ ഇന്ത്യയ്ക്കാവശ്യമായ ബ്രേക്ത്രൂ നല്‍കി. 26 പന്തില്‍ 43 റണ്‍സുമായാണ് താരം പുറത്തായത്.

റോവ്മന്‍ പവല്‍ ഇത്തവണയും കാര്യമായ ഇംപാക്ടുണ്ടാക്കാതെ അഞ്ച് റണ്ണിന് പുറത്തായി.

11ാം ഓവറിലെ അവസാന പന്തില്‍ കാമില്‍ പൂരനെ പുറത്താക്കി നമന്‍ ധിര്‍ വീണ്ടും ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തി. 27 പന്തില്‍ 42 റണ്‍സുമായാണ് താരം മടങ്ങിയത്.

ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (20 പന്തില്‍ 32), ക്വിന്റിന്‍ സാംസണ്‍ (15 പന്തില്‍ 11), ഷമര്‍ സ്പ്രിംഗര്‍ (11 പന്തില്‍ പുറത്താകാതെ 35) എന്നിവര്‍ ചെറുത്തുനിന്നെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

ഒടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 209ന് പോരാട്ടം അവസാനിപ്പിച്ചു.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നമന്‍ ധിര്‍ നിര്‍ണായകമായ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഒക്ടോബര്‍ 14നാണ് പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.

Content Highlight: IND vs WI: 3rd T20I: India defeated West Indies

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more