ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഗുവാഹത്തിയില്‍ തുടരുകയാണ്. നിലവില്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് എടുത്തിട്ടുണ്ട്. നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവ് (22 പന്തില്‍ നാല്), സായ് സുദര്‍ശന്‍ (25 പന്തില്‍ രണ്ട്) എന്നിവരാണ് ക്രീസിലുള്ളത്.
യശസ്വി ജെയ്സ്വാളിന്റെയും കെ.എല്‍. രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 29 പന്തില്‍ ആറ് റണ്‍സ് എടുത്ത് രാഹുല്‍ പുറത്തായപ്പോള്‍ 20 പന്തില്‍ 13 റണ്‍സ് നേടിയാണ് ജെയ്സ്വാളിന്റെ മടക്കം. ഇതില്‍ ആദ്യം പുറത്തായത് ജെയ്സ്വാളാണ്.
രണ്ടാം ഇന്നിങ്‌സില്‍ വലിയ സ്‌കോര്‍ നേടാതെ ജെയ്സ്വാള്‍ മടങ്ങിയെങ്കിലും ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് സാധിച്ചു. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 2500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ലിസ്റ്റിലാണ് 23കാരന്‍ തന്റെ പേര് എഴുതി ചേര്‍ത്തത്. നിലവില്‍ താരം ഈ നേട്ടത്തില്‍ നാലാമതാണ്.
സൗത്ത് ആഫ്രിക്കക്കെതിരെ ബാറ്റ് ചെയ്യുന്ന യശസ്വി ജെയ്‌സ്വാൾ കടപ്പാട്: ബി.സി.സി.ഐ/എക്സ്
53 ഇന്നിങ്സുകളില്‍ കളിച്ചാണ് ജെയ്സ്വാള്‍ ഈ നേട്ടത്തില്‍ നാലാം സ്ഥാനത്ത് എത്തിയത്. സൂപ്പര്‍ താരങ്ങളായ മുഹമ്മദ് അസറുദ്ദീന്‍, സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരെ മറികടന്നാണ് മുംബൈ താരത്തിന്റെ നേട്ടം.
(താരം – ഇന്നിങ്സ് എന്നീ ക്രമത്തില്‍)
വിരേന്ദര്‍ സേവാഗ് – 47
ഗൗതം ഗംഭീര്‍ – 48
രാഹുല്‍ ദ്രാവിഡ് – 50
യശസ്വി ജെയ്സ്വാള്‍ – 53
മുഹമ്മദ് അസറുദ്ദീന്‍ – 55
സുനില്‍ ഗവാസ്‌കര്‍ – 56
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 56
നേരത്തെ, സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 260 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഇതോടെ സന്ദര്‍ശകര്‍ ഇന്ത്യക്ക് മുമ്പില്‍ 549 എന്ന കൂറ്റന്‍ സ്‌കോര്‍ വിജയലക്ഷ്യമായി ഉയര്‍ത്തി. പ്രോട്ടിയാസിനായി ട്രിസ്റ്റന്‍ സ്റ്റബ്‌സ് 180 പന്തില്‍ 94 റണ്‍സുമായി തിളങ്ങി.
ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, വിയാൻ മുൾഡർ എന്നിവർ ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനിടെ കടപ്പാട്: പ്രോട്ടിയാസ് മെൻ/എക്സ്
ഒപ്പം ടോണി ഡി സോര്‍സി 68 പന്തില്‍ 49 റണ്‍സും വിയാന്‍ മുള്‍ഡര്‍ പുറത്താവാതെ 69 പന്തില്‍ 35 റണ്‍സും നേടി. റിയാന്‍ റിക്കില്‍ട്ടണ്‍ (64 പന്തില്‍ 35), ഏയ്ഡന്‍ മാര്‍ക്രം (84 പന്തില്‍ 29) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി മികവ് പുലര്‍ത്തി. ശേഷിക്കുന്ന ഒരു വിക്കറ്റ് പിഴുതത് കുല്‍ദീപ് യാദവാണ്.
Content Highlight: Ind vs SA: Yashasvi Jaiswal became fourth fastest Indian to complete 2500 runs in Test surpassing Mohammad Azharuddin, Sunil Gavaskar and Sachin Tendulkar