| Friday, 14th November 2025, 7:01 am

ഇന്ത്യയെ തോല്‍പിക്കാന്‍ സൗത്ത് ആഫ്രിക്കന്‍ നായകന് തന്ത്രമുപദേശിച്ച് മുന്‍ ന്യൂസിലാന്‍ഡ് നായകന്‍; പോരാട്ടം ഇന്നാരംഭിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കമാവുകയാണ്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി-20കളുമുള്ള ഓള്‍ ഫോര്‍മാറ്റ് ടൂറിനാണ് പ്രോട്ടിയാസ് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം.

കഴിഞ്ഞ സൈക്കിളിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയ്ക്കാണ് ഹോം അഡ്വാന്റേജ്. പരമ്പരയിലെ ആദ്യ മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും.

ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ തോല്‍പിക്കുക എന്നത് സൗത്ത് ആഫ്രിക്കയെ സംബന്ധിച്ച് ശ്രമകരം തന്നെയായിരിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ പതിറ്റാണ്ട് നീണ്ട സ്ട്രീക് അവസാനിപ്പിച്ച് ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയതും ആരാധകരുടെ മനസിലുണ്ടാകും.

ഇപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരവും മുന്‍ നായകനവുമായ കെയ്ന്‍ വില്യംസണുമായി നടത്തി സംഭാഷണത്തെ കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഇന്ത്യയില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ കെയ്ന്‍ വില്യംസണ്‍ തനിക്ക് കുറച്ച് ടിപ്പുകള്‍ നല്‍കിയെന്നാണ് ബാവുമ പറയുന്നത്.

‘കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ, ഇന്ത്യയില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ഞാന്‍ കെയ്ന്‍ വില്യംസണെ കണ്ടിരുന്നു. ഞാന്‍ അദ്ദേഹത്തോട് ചില പോയിന്റുകള്‍ ചോദിക്കാന്‍ ശ്രമിച്ചു.

അദ്ദേഹം കാര്യമായി ഒന്നും തന്നെ തുറന്നുപറയാന്‍ തയ്യാറായിരുന്നില്ല, പക്ഷേ നിങ്ങള്‍ ടോസ് വിജയിക്കും എന്ന് ഉറപ്പാക്കാനായിരുന്നു കെയ്ന്‍ (കെയ്ന്‍ വില്യംസണ്‍) എന്നോട് പറഞ്ഞത്.

ഇതോടെ ഞാന്‍ എന്റെ ടോസിങ് സ്‌കില്ലുകള്‍ കൂടി പരിശീലിക്കാന്‍ ആരംഭിച്ചു. എന്നാല്‍ വിജയിക്കാന്‍ നിങ്ങള്‍ മികച്ച ക്രിക്കറ്റ് കളിക്കുക മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്ര അത്രത്തോളം എളുപ്പമാണ്, അതേ സമയം ഏറ്റവും ബുദ്ധിമുട്ടേറിയതും അതുതന്നെ,’ ബാവുമ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ചും താരം സംസാരിച്ചു.

‘എനിക്ക് തോന്നുന്നത് ഞങ്ങള്‍ മികച്ച മുന്നൊരുക്കങ്ങള്‍ നടത്തി എന്ന് തന്നെയാണ്, എത്രത്തോളം അത് മികച്ചതാക്കാന്‍ സാധിക്കുമോ, അത്രത്തോളം പരിശീലനം മികച്ചതാക്കി എന്ന് തന്നെയാണ് എന്റെ വിശ്വാസം. അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കുന്നു എന്ന് മാത്രമാണ് ഞങ്ങള്‍ ഉറപ്പാക്കേണ്ടത്.

ചില അവസരങ്ങളില്‍ ചില താരങ്ങള്‍ മികച്ച പ്രകടനം നടത്തണമെന്ന് നിങ്ങളാഗ്രഹിക്കും. ഏയ്ഡന്‍ (ഏയ്ഡന്‍ മര്‍ക്രം) ഫൈനലില്‍ അത് ചെയ്തുകാട്ടിയിട്ടുണ്ട്. പന്ത് കൊണ്ട് കഗിസോയും (കഗീസോ റബാദ) അവസരത്തിനൊത്ത് ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയെ പോലെ ഒരു മികച്ച ടീമിനെ നിങ്ങള്‍ നേരിടുന്നു, അതും അവരുടെ സ്വന്തം തട്ടകത്തില്‍, അത്തരം സാഹചര്യങ്ങളില്‍ ഇതുപോലുള്ള കാര്യങ്ങളാണ് ഞങ്ങള്‍ താരങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്,’ ബാവുമ കൂട്ടിച്ചേര്‍ത്തു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നിലവിലെ ചാമ്പ്യന്‍മാരാണ് സൗത്ത് ആഫ്രിക്ക. ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ബാവുമ ഈ നൂറ്റാണ്ടിലെ ആദ്യ മേജര്‍ ട്രോഫി സൗത്ത് ആഫ്രിക്കയ്ക്ക് സമ്മാനിച്ചത്.

പുതിയ സൈക്കിളില്‍ ആദ്യ പരമ്പര സമനിലയിലെത്തിച്ച ശേഷമാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങുന്നത്. പാകിസ്ഥാനെതിരെ അവരുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 1-1നാണ് പ്രോട്ടിയാസ് സമനില വഴങ്ങിയത്.

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരെ വൈറ്റ്‌വാഷ് വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. റിഷബ് പന്തിന്റെ തിരിച്ചുവരവടക്കം ഇന്ത്യയെ കൂടുതല്‍ അപകടകാരികളാക്കിയിട്ടുണ്ട്.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഡെവാള്‍ഡ് ബ്രെവിസ്, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, സുബൈര്‍ ഹംസ, ഏയ്ഡന്‍ മര്‍ക്രം, കോര്‍ബിന്‍ ബോഷ്, മാര്‍കോ യാന്‍സെന്‍, എസ്. മുത്തുസ്വാമി, വിയാന്‍ മുള്‍ഡര്‍, കൈല്‍ വെരായ്നെ (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), കഗീസോ റബാദ, കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍.

Content Highlight: IND vs SA:  Temba Bavuma about Kane Williamson’s advice

We use cookies to give you the best possible experience. Learn more