ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഗുവാഹത്തിയില്‍ തുടരുകയാണ്. നിലവില്‍ രണ്ടാം ഇന്നിങ്സ് സൗത്ത് ആഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സിന് ഡിക്ലയര്‍ ചെയ്തിട്ടുണ്ട്. അതോടെ സന്ദര്‍ശകര്‍ക്ക് ഇന്ത്യയ്ക്ക് മുമ്പില്‍ 548 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചു. സെഞ്ച്വറിക്കരികെ വീണ ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് സന്ദര്‍ശകരെ മികച്ച നിലയില്‍ എത്തിച്ചത്.
സൗത്ത് ആഫ്രിക്ക: 489 & 260/5 ഡിക്ലയര്‍
ഇന്ത്യ: 201
ടാര്‍ഗറ്റ്: 548
വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സ് എന്ന നിലയിലായിരുന്നു പ്രോട്ടിയാസ് നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. സന്ദര്‍ശകര്‍ക്കായി ബാറ്റിങ്ങിനെത്തിയ ഏയ്ഡന്‍ മര്‍ക്രമും റിയാന്‍ റിക്കല്‍ടണും ചേര്‍ന്ന് കഴിഞ്ഞ ദിവസത്തെ സ്‌കോറിലേക്ക് 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു പിരിഞ്ഞു.
രവീന്ദ്ര ജഡേജ 64 പന്തില്‍ 35 റണ്‍സ് എടുത്ത റിക്കില്‍ട്ടനെ മടക്കുകയായിരുന്നു. ഏറെ വൈകാതെ ജഡേജ മര്‍ക്രമിനെയും പുറത്താക്കി. 84 പന്തില്‍ 29 റണ്‍സായിരുന്നു ഓപ്പണറുടെ സമ്പാദ്യം.
മൂന്ന് റണ്‍സുകള്‍ക്കപ്പുറം വാഷിങ്ടണ്‍ സുന്ദര്‍ വെറും മൂന്ന് റണ്‍സ് എടുത്ത പ്രോട്ടിയാസ് ക്യാപ്റ്റന്‍ തെംബ ബാവുമയെ ഔട്ടാക്കി. ഇത് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ഒരുമിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സ് – ടോണി ഡി സോര്‍സി സഖ്യം മികച്ച കൂട്ടുകെട്ടുയര്‍ത്തി.
ഇരുവരും ചേര്‍ന്ന് 101 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ജഡേജ ഡി സോര്‍സിയെ മടക്കിയാണ് ഈ സഖ്യം പിരിച്ചത്. 68 പന്തില്‍ 49 റണ്‍സ് നേടിയായിരുന്നു ഡി സോര്‍സിയുടെ മടക്കം. പിന്നാലെയാണ് മുള്‍ഡര്‍ ബാറ്റിങ്ങിന് എത്തിയതും സ്റ്റബ്സുമായി ചേര്‍ന്ന് 82 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയതും.
ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ സൗത്ത് ആഫ്രിക്ക തങ്ങളുടെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയിരുന്നു. 180 പന്തില്‍ 94 റണ്‍സിന് സ്റ്റബ്‌സ് പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കായി ജഡേജ തന്നെയാണ് ഈ വിക്കറ്റും വീഴ്ത്തിയത്. മുള്‍ഡര്‍ 69 പന്തില്‍ 35 റണ്‍സുമായി പുറത്താവാതെ നിന്നു.
ഇന്ത്യക്കായി ജഡേജ നാല് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി.
Content Highlight: Ind vs SA: South Africa set a target of 548 runs against India in second Test