| Thursday, 4th December 2025, 7:42 am

ഇന്ത്യയെ വിറപ്പിച്ച് നേടിയെടുത്ത വിജയം; കങ്കാരുക്കള്‍ക്കൊപ്പം പ്രോട്ടിയാസ്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ സന്ദര്‍ശകര്‍ വിജയിച്ചിരുന്നു. റായ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് പ്രോട്ടിയാസിന്റെ വിജയം. ഏയ്ഡന്‍ മര്‍ക്രമിന്റെ സെഞ്ച്വറിയും വാലറ്റത്തില്‍ കോര്‍ബിന്‍ ബോഷിന്റെ പ്രകടനവുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ച്വറി കരുത്തില്‍ 358 റണ്‍സ് എടുത്തിരുന്നു. ഈ വിജയലക്ഷ്യം പ്രോട്ടിയാസ് നാല് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യക്ക് ഒപ്പമെത്താനും തെംബ ബാവുമയ്ക്കും സംഘത്തിനും സാധിച്ചു.

സൗത്ത് ആഫ്രിക്കൻ ടീം മത്സരത്തിനിടെ Photo: Proteas Men/x.com

വിജയത്തോടെ ഒരു സൂപ്പര്‍നേട്ടത്തിലും എത്താന്‍ പ്രോട്ടിയാസിന് സാധിച്ചു. ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ചെയ്സ് ചെയ്ത ഏറ്റവും ഉയര്‍ന്ന റണ്‍സാണ് കഴിഞ്ഞ ദിവസം പ്രോട്ടിയാസ് കുറിച്ചത്. 2019ല്‍ ഓസ്‌ട്രേലിയ കുറിച്ച റെക്കോഡിനൊപ്പമാണ് ബാവുമയും സംഘവുമുള്ളത്.

ഇന്ത്യക്കെതിരെ ഏറ്റവും വലിയ വിജയകരമായ ഏകദിന റണ്‍സ് ചെയ്സുകള്‍

(റണ്‍സ് – ടീം – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

359 – ഓസ്‌ട്രേലിയ – മൊഹാലി – 2019

359 – സൗത്ത് ആഫ്രിക്ക – റായ്പൂര്‍ – 2025

348 – ന്യൂസിലാന്‍ഡ് – ഹാമില്‍ട്ടണ്‍ – 2020

337 – ഇംഗ്ലണ്ട് – പൂനെ – 2021

സൗത്ത് ആഫ്രിക്കക്ക് വേണ്ടി മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയത് ഏയ്ഡന്‍ മര്‍ക്രമാണ്. താരം 98 പന്തില്‍ നിന്ന് 10 ഫോറും നാല് സിക്സും ഉള്‍പ്പെടെ 110 റണ്‍സാണ് താരം നേടിയത്. ഒപ്പം മാത്യു ബ്രീറ്റ്സ്‌കി (64 പന്തില്‍ 68), ഡെവാള്‍ഡ് ബ്രെവിസ് (34 പന്തില്‍ 54), തെംബ ബാവുമ (48 പന്തില്‍ 46) കോര്‍ബിന്‍ ബോഷ് (15 പന്തില്‍ 29) റണ്‍സും നേടി.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ, ബാറ്റിങ്ങില്‍ ഋതുരാജ് ഗെയ്ക്വാദും വിരാട് കോഹ്ലിയും സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. ഗെയ്ക്വാദ് 83 പന്തില്‍ 105 റണ്‍സും കോഹ്ലി 93 പന്തില്‍ 102 റണ്‍സും സ്‌കോര്‍ ചെയ്തു. ഒപ്പം രാഹുല്‍ 43 പന്തില്‍ 66 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

പ്രോട്ടിയാസിന് വേണ്ടി മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നാന്ദ്രെ ബര്‍ഗര്‍, ലുംഗി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: Ind vs SA: South Africa registered highest runs chase in ODI against India; joins with Australian cricket Team

We use cookies to give you the best possible experience. Learn more