| Wednesday, 26th November 2025, 3:24 pm

2004ന് ശേഷം വീണ്ടും നാണക്കേട്; ഇന്ത്യയെ മോശം റെക്കോഡിലേക്ക് തള്ളിയിട്ട് പ്രോട്ടിയാസ്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള രണ്ടാം ടെസ്റ്റിലും ആതിഥേയരായ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 408 റണ്‍സിനാണ് ടീമിന്റെ തോല്‍വി. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 549 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 140 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സൈമണ്‍ ഹാർമറിന്റെ ബൗളിങ് കരുത്തിലാണ് പ്രോട്ടിയാസിന്റെ ചരിത്ര വിജയം.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക: 489 & 260/5d

ഇന്ത്യ: 201 & 140 (T:549)

ഗുവാഹത്തിയില്‍ തോറ്റതോടെ ഒരു മോശം റെക്കോഡിലാണ് ഇന്ത്യന്‍ ടീം എത്തിയിരിക്കുന്നത്. ഒരു ടെസ്റ്റ് മത്സരത്തില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. 2004ൽ ഓസ്ട്രേലിയയോട് ഏറ്റ തോല്‍വിയെ മറികടന്നാണ് ഈ മത്സരം തലപ്പത്തെത്തിയത്.

ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വികള്‍ (റണ്‍സിന്റെ അടിസ്ഥാനത്തില്‍)

(റണ്‍സ് – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

408 – സൗത്ത് ആഫ്രിക്ക – ഗുവാഹത്തി – 2025

342 – ഓസ്‌ട്രേലിയ – നാഗ്പുര്‍ – 2004

341 – പാകിസ്ഥാന്‍ – കറാച്ചി – 2007

337 – ഓസ്‌ട്രേലിയ – മെല്‍ബണ്‍ – 2007

333 – ഓസ്‌ട്രേലിയ – പൂനെ – 2017

പ്രോട്ടിയാസ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് ചേര്‍ത്തപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും ടീമിന് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ പ്രോട്ടിയാസ് ഇന്ത്യന്‍ താരങ്ങളെ പുറത്താക്കി.

ഒരു വശത്ത് വിക്കറ്റുകള്‍ വീണപ്പോഴും സായ് സുദര്‍ശന്‍ മാത്രമാണ് പിടിച്ച് നിന്നത്. താരം 14 റണ്‍സ് മാത്രമാണ് എടുത്തുള്ളുവെങ്കിലും പ്രോട്ടിയാസ് ബൗളര്‍മാര്‍ എറിഞ്ഞ 139 പന്തുകളാണ് താരം നേരിട്ടത്.

കൂടാതെ, ഏഴാം നമ്പറില്‍ ബാറ്റിങ്ങിനെത്തിയ രവീന്ദ്ര ജഡേജയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. വെറ്ററന്‍ താരം 87 പന്തില്‍ 54 റണ്‍സാണ് എടുത്തത്. സുദര്‍ശന്‍ പുറമെ, 16 റണ്‍സെടുത്ത വാഷിങ്ടൺ സുന്ദര്‍, 13 വീതം റണ്‍സ് നേടിയ റിഷബ് പന്ത്, യശസ്വി ജെയ്സ്വാള്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ടീമില്‍ രണ്ടക്കം കടന്നവര്‍.

പ്രോട്ടിയാസിനായി സൈമണ്‍ ഹാര്‍മര്‍ ആറ് വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്കോ യാന്‍സെന്‍, സെനുരന്‍ മുത്തുസ്വാമി എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു.

Content Highlight: Ind vs SA: Defeat against South Africa by 408 is the India’s biggest loss in Test Cricket by runs

We use cookies to give you the best possible experience. Learn more