സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അടുത്ത മത്സരത്തിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കഴുത്ത് വേദന അസഹ്യമായതോടെ താരത്തെ കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.
ഗില്ലിനെ പരിശോധനകള്‍ക്ക് വിധേയമാക്കിയെന്നും കഴുത്ത് വേദനക്കായി മരുന്ന് നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. രാത്രി താരം നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. ഇന്ത്യന്‍ നായകന് റിവറിക്കായി ദിവസങ്ങള്‍ വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനാല്‍ തന്നെ താരം പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ കളിക്കുന്നത് സംശയകരമാണ്. നവംബര്‍ 22 മുതല്‍ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ബാറ്റിങ്ങിനിടെയാണ് ഗില്ലിന് പരിക്കേറ്റത്. പ്രോട്ടിയാസ് താരം സൈമണ്‍ ഹാര്‍മറിന്റെ പന്തില്‍ സ്വീപ് ഷോട്ട് അടിക്കുന്നതിനിടെയാണ് ഇന്ത്യന്‍ നായകന് പരിക്കേല്‍ക്കുന്നത്. പിന്നാലെ, ബാറ്റിങ് പൂര്‍ത്തിയാക്കാതെ നാല് റണ്‍സുമായി താരം റിട്ടയര്‍ ഹര്‍ട്ടായി മടങ്ങിയിരുന്നു.
കഴുത്ത് വേദനയെ തുടര്‍ന്ന് പിന്നീട് ബാറ്റിങ്ങിനോ സൗത്ത് ആഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സില്‍ ഫീല്‍ഡിങിനോ ഗില്‍ എത്തിയിരുന്നില്ല. താരത്തിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തായിരുന്നു ടീമിനെ നയിച്ചത്.
പിന്നീട് ഗില്ലിനെ കഴുത്ത് വേദന അനുഭവപ്പെട്ടെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. വിശദമായ പരിശോധനക്ക് ശേഷം മത്സരത്തിലെ താരത്തിന്റെ പങ്കാളിത്തം തീരുമാനിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ ഉണ്ടായിരുന്നു.
അതേസമയം, രണ്ടാം ദിനം അവസാനിക്കുമ്പോള്‍ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുകയാണ്. 35 ഓവറുകള്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ തെംബ ബാവുമ (78 പന്തില്‍ 29), കോര്‍ബിന്‍ ബോഷ് (നാല് പന്തില്‍ ഒന്ന്) എന്നിവരാണ് ക്രീസിലുള്ളത്.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ശേഷിക്കുന്ന ഒരു വിക്കറ്റ് അക്സര്‍ പട്ടേലും സ്വന്തമാക്കി.
Content Highlight: Ind vs SA: Shubman Gill admitted to hospital, doubtful for the remainder of Test series vs South Africa: Report