| Tuesday, 9th December 2025, 8:26 am

നൂറടിക്കാനും ആയിരമടിക്കാനും സഞ്ജുവടക്കമുള്ളവര്‍; കട്ടക്കില്‍ ചരിത്രം പിറക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി – 20 പരമ്പരക്ക് ഇന്ന് തുടക്കമാവും. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലെ ആദ്യ മത്സരമാണ് അരങ്ങേറുന്നത്. കട്ടക്കിലെ ബാരാബതി സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി. ഏകദിന പരമ്പരയിലെ മികവ് ഈ പരമ്പരയിലും തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സംഘമിറങ്ങുന്നത്.

വിജയമെന്ന ഒറ്റ മന്ത്രത്തില്‍ ഇറങ്ങുന്ന ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീമിലെ നാല് താരങ്ങളെ കാത്തിരിക്കുന്നത് കരിയറിലെ സുപ്രധാന നാഴികക്കല്ലുകളാണ്. മലയാളിതാരം സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ, പരിക്ക് മാറി തിരിച്ചെത്തുന്ന ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഈ നേട്ടങ്ങളെ ഉന്നമിടുന്നത്.

സഞ്ജു സാംസണ്‍ Photo: BCC/x.com

സഞ്ജുവിന് മുന്നിലുള്ളത് അന്താരാഷ്ട്ര ടി – 20യില്‍ 1000 റണ്‍സ് എന്ന സ്വപ്ന നേട്ടമാണ്. ഇതിനായി താരത്തിന് വെറും റണ്‍സാണ് വേണ്ടത്. പരമ്പരയില്‍ അഞ്ച് മത്സരങ്ങളുള്ളതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, അതിനായി പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍, താരത്തിന് അവസരം ലഭിക്കുമോ എന്നതില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

നേരത്തെ, സഞ്ജുവിന് ഏഷ്യാ കപ്പിലും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ഈ നേട്ടത്തിലെത്താന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, ഏഷ്യാ കപ്പില്‍ സ്ഥിരമായ പൊസിഷന്‍ ഇല്ലാത്തതും ഓസ്ട്രേലിയക്കെതിരെ രണ്ട് മത്സരങ്ങളില്‍ ഒഴികെ അവസരം ലഭിക്കാതിരുന്നതുമാണ് വിനയായത്.

തിലക് വര്‍മ Photo: BCCI/x.com

സഞ്ജുവിന്റെ അതേ നേട്ടത്തില്‍ തന്നെയാണ് തിലക് വര്‍മയും നോട്ടമിടുന്നത്. താരത്തിന് ഈ നേട്ടത്തില്‍ എത്താന്‍ നാല് റണ്‍സ് മാത്രമാണ് ആവശ്യം. താരത്തിനും ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, താരത്തിന് പരമ്പരയില്‍ അവസാന മത്സരത്തില്‍ ടീമില്‍ ഇടം പിടിക്കാതിരുന്നതിനാലാണ് ഈ നേട്ടത്തില്‍ എത്താന്‍ സാധിക്കാതിരുന്നത്.

ജസ്പ്രീത് ബുംറ Photo: BCCI

ജസ്പ്രീത് ബുംറയെയും ഹര്‍ദിക് പാണ്ഡ്യയെയും കാത്തിരിക്കുന്നത് ഒരു ഐക്കോണിക് ‘സെഞ്ച്വറി’യാണ്. ടി – 20യില്‍ ഇന്ത്യയ്ക്കായി 100 വിക്കറ്റുകള്‍ നേടുന്ന താരങ്ങള്‍ എന്ന നേട്ടത്തിനരികിലാണ് ഇരുവരും. ഇതിനായി ബുംറയ്ക്ക് വേണ്ടത് വെറുമൊരു വിക്കറ്റാണ്. ഹാര്‍ദിക്കിനാവട്ടെ രണ്ട് വിക്കറ്റ് നേടിയാല്‍ ഈ നേട്ടത്തിലെത്താം.

നിലവില്‍ അര്‍ഷ്ദീപ് സിങ് മാത്രമാണ് കുട്ടി ക്രിക്കറ്റില്‍ ഇന്ത്യക്കായി നൂറടിച്ചത്. ഈ നേട്ടത്തിലെത്താന്‍ ബുംറയ്ക്ക്
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തന്നെ സാധിക്കുമായിരുന്നു. എന്നാല്‍, അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാല്‍ ഈ സുവര്‍ണാവസരം നഷ്ടമാവുകയായിരുന്നു.

ഹർദിക് പാണ്ഡ്യ Photo: Arisu/x.com

ഈ നേട്ടം സ്വന്തമാക്കാന്‍ ഹര്‍ദിക്കിന് വില്ലനായത് തന്റെ പരിക്കാണ്. ഏഷ്യാ കപ്പിനിടെയാണ് താരത്തിന് പരിക്കേറ്റത്. അതോടെ ഓസ്ട്രേലിയന്‍ പര്യടനം നഷ്ടമായിരുന്നു. ഈ പരമ്പരയിലൂടെയാണ് താരം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുന്നത്.

Content Highlight: Ind vs SA: Sanju Samson and Tilak Varma aims to 1000 runs while Jasprit Bumrah and Hardik Pandya to pick 100 wickets in T20I

We use cookies to give you the best possible experience. Learn more