| Friday, 28th November 2025, 9:37 pm

നായകനും മുന്‍ നായകനും സഞ്ജുവിന് പിന്നില്‍; എന്നിട്ടും ഏകദിനത്തില്‍ അവഗണന മാത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഒരുങ്ങുമ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്നപ്പെടുന്ന ഒന്നാണ് മലയാളി താരം സഞ്ജു സാംസണിന്റെ അസാന്നിധ്യം. രണ്ട് വര്‍ഷത്തിനടുത്തായി താരത്തിന് ഇന്ത്യന്‍ ഏകദിന ടീമില്‍ അവസരം ലഭിച്ചിട്ട്. അതും മികച്ച പ്രകടനം നടത്തിയതിന് ശേഷമാണ് എന്നതാണ് ശ്രദ്ധേയം.

സഞ്ജു അവസാനമായി ഇന്ത്യന്‍ ടീമില്‍ ഒരു ഏകദിന മത്സരം കളിച്ചത് 2023 ഡിസംബറിലാണ്. ആ പരമ്പരയില്‍ അവസാന മത്സരത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സെഞ്ച്വറി നേടിയിരുന്നു. 114 പന്തില്‍ 108 റണ്‍സായിരുന്നു താരത്തിന്റെ സ്‌കോര്‍. അന്ന് സഞ്ജുവിന്റെ ബാറ്റിങ് ചൂടറിഞ്ഞത് സൗത്ത് ആഫ്രിക്കയായിരുന്നു. അന്നത്തെ എതിരാളികളെ ഇന്ത്യ വീണ്ടും നേരിടാന്‍ ഒരുങ്ങുമ്പോള്‍ എന്നാല്‍ 31കാരന് ടീമില്‍ ഇടം തന്നെയില്ല.

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസൺ Photo: BCCI/X.com

ഇതോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കണക്ക് കൂടിയുണ്ട്. അവസാന അഞ്ച് വര്‍ഷത്തില്‍ പ്രോട്ടീയാസിനെതിരെയുള്ള ഇന്ത്യയുടെ റണ്‍ സ്‌കോറര്‍മാരുടെ പട്ടിക എടുത്തു നോക്കുമ്പോള്‍ സഞ്ജു രണ്ടാമതുണ്ട്. താരത്തിന് 238 റണ്‍സാണുള്ളത്.

374 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് മലയാളി താരത്തിന് മുന്നിലുള്ള ഏക താരം. മുന്‍ നായകന്‍ വിരാട് കോഹ്ലിയും ഈ പരമ്പരയിലെ ക്യാപ്റ്റനായ കെ.എല്‍ രാഹുലുമെല്ലാം ഈ ലിസ്റ്റില്‍ താരത്തിന് പിന്നിലാണ്.

സൗത്ത് ആഫ്രിക്ക എതിരെ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ (അവസാന അഞ്ച് വര്‍ഷത്തെ കണക്ക്)

(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ശ്രേയസ് അയ്യര്‍ – 8 – 374

സഞ്ജു സാംസണ്‍ – 5 – 238

വിരാട് കോഹ്ലി – 4 – 217

ശിഖര്‍ ധവാന്‍ – 6 – 194

കെ.എല്‍. രാഹുല്‍ – 6 – 161

അതേസമയം, നവംബര്‍ 30 മുതലാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഈ പരമ്പരയില്‍ ഇന്ത്യ കളിക്കുക. റാഞ്ചിയാണ് ആദ്യ മത്സരത്തിന്റെ വേദി.

Content Highlight: Ind vs SA: Sanju Samson is second ODI run scorer against South Africa in last five years; still he didn’t included in Indian Cricket Team

We use cookies to give you the best possible experience. Learn more