സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് കോപ്പുകൂട്ടുകയാണ് ഇന്ത്യന്‍ ടീം. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരിക്കേറ്റ് ടീമിന് പുറത്താതായതിനാല്‍ കെ.എല്‍ രാഹുലാണ് ഈ പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍. പുതിയ നായകന് കീഴില്‍ ടെസ്റ്റ് പരമ്പരയില്‍ ഏറ്റ നാണക്കേടിന് ടീമിന് പകരം വീട്ടാനാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
നവംബര്‍ 30 മുതലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാവുക. മൂന്ന് മത്സരങ്ങളാണ് ഈ പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. റാഞ്ചിയാണ് ആദ്യ മത്സരത്തിന്റെ വേദി. അവിടെ ആരാധകരുടെ പ്രിയ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും വീണ്ടും കളത്തില്‍ ഇറങ്ങും.
രോഹിത് ശർമ Photo: BCCI/x.com
ഇങ്ങനെ ഒരിക്കല്‍ കൂടി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ രോഹിത്തിനെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ അടിക്കുന്ന താരമാകാനാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് അവസരമുള്ളത്.
ഇതിനായി താരത്തിന് വേണ്ടത് വെറും ഏഴ് സിക്‌സുകള്‍ മാത്രമാണ്. നിലവില്‍ രോഹിത്തിന് 58 സിക്‌സുമായി നാലാം സ്ഥാനത്താണ്. 64 സിക്‌സ് അടിച്ച ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണരാണ് ഈ ലിസിറ്റില്‍ മുന്നിലുള്ളത്.
(താരം – ടീം – സിക്‌സുകള്‍ എന്നെ ക്രമത്തില്‍)
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 64
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 63
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 61
രോഹിത് ശര്‍മ – ഇന്ത്യ – 58
മിച്ചല്‍ മാര്‍ഷ് – ഓസ്‌ട്രേലിയ – 52
അതേസമയം, മൂന്ന് സിക്‌സുകള്‍ നേടിയാല്‍ മറ്റൊരു റെക്കോഡും രോഹിത്തിന് സ്വന്തമാക്കാന്‍ സാധിക്കും. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന നേട്ടമാണിത്. ഈ നേട്ടത്തില്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയെയാണ് താരത്തിന് മറികടക്കാന്‍ സാധിക്കുക.
Content Highlight: Ind vs SA: Rohit Sharma needs 7 sixes to become leading six hitter against South Africa