ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഗുവാഹത്തിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ പ്രോട്ടിയാസ് ആറ് വിക്കറ്റിന് 247 റണ്‍സ് എടുത്തിട്ടുണ്ട്. സെനുറാന്‍ മുത്തുസ്വാമി (45 പന്തില്‍ 25) കൈല്‍ വെരായ്‌നെ (നാല് പന്തില്‍ ഒന്ന്) എന്നിവരാണ് ക്രീസിലുള്ളത്.
സൗത്ത് ആഫ്രിക്കയ്ക്ക് ആദ്യ ദിനം തന്നെ ആറ് വിക്കറ്റുകളാണ് നഷ്ടമായത്. ഇതില്‍ രണ്ടെണ്ണത്തിന് പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷബ് പന്തിന്റെ കൈകളുണ്ട്. റിയാന്‍ റിക്കില്‍ട്ടണ്‍, ടോണി ഡി സോഴ്‌സി എന്നിവരുടെ വിക്കറ്റിലാണ് താരം കയ്യൊപ്പ് ചാര്‍ത്തിയത്. ഇവരെ പുറത്താക്കാന്‍ ഇന്ത്യന്‍ നായകനാണ് ക്യാച്ചെടുത്തത്.
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും പന്ത് സ്വന്തം പേരില്‍ ചേര്‍ത്തു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് എടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ രണ്ടാമതെത്താനാണ് താരത്തിന് സാധിച്ചത്. പന്ത് ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം സയ്യിദ് കിര്‍മാണിക്കൊപ്പമാണ്. ഇരുവര്‍ക്കും 160 ക്യാച്ചുകള്‍ വീതമാണുള്ളത്.
(താരം – ഇന്നിംഗ്‌സ് – ക്യാച്ച് എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 166 – 256
റിഷബ് പന്ത് – 95 – 160
സയ്യിദ് കിര്‍മാണി – 161 – 160
സൗത്ത് ആഫ്രിക്കക്കായി ട്രിസ്റ്റാന്‍ സ്റ്റബ്ബ്‌സ് 112 പന്തില്‍ 49 റണ്‍സും ക്യാപ്റ്റന്‍ തെംബ ബാവുമ 92 പന്തില്‍ 41 റണ്‍സും നേടി. ഒപ്പം ഏയ്ഡന്‍ മാര്‍ക്രം (81 പന്തില്‍ 38), റിയാന്‍ റിക്കില്‍ട്ടണ്‍ (82 പന്തില്‍ 35) എന്നിവരും തിളങ്ങി.
ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight; Ind vs SA: Rishabh Pant equaled Syed Kirmani’s tally for the most catches by an Indian wicketkeeper in Tests