സൗത്ത് ആഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മറികടക്കേണ്ടത് റണ്‍മല. അവസാന ദിവസം ആതിഥേയര്‍ക്ക് വിജയിക്കാന്‍ 90.1 ഓവറില്‍ 522 റണ്‍സ് അടിച്ചെടുക്കണം. നിലവില്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സംഘത്തിന് രണ്ട് വിക്കറ്റിന് 27 റണ്‍സാണുള്ളത്. ഇന്ത്യക്കായി ക്രീസിലുള്ളത് കുല്‍ദീപ് യാദവ് (22 പന്തില്‍ നാല്), സായ് സുദര്‍ശന്‍ (25 പന്തില്‍ രണ്ട്) എന്നിവരാണ്.
നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടിയാസ് അഞ്ചിന് 260 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യയ്ക്ക് മുമ്പില്‍ 549 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ഈ ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്ക ഒരു സെഞ്ച്വറി കൂട്ടുകെട്ടും രണ്ട് 50+ കൂട്ടുകെട്ടും പടുത്തുയര്‍ത്തി മികച്ച ബാറ്റിങ്ങാണ് കാഴ്ച വെച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ഒന്നടങ്കം വിയര്‍ത്തപ്പോള്‍ വെറ്ററന്‍ താരം രവീന്ദ്ര ജഡേജ മാത്രമാണ് തിളങ്ങിയത്.
ജഡേജ ഇന്ത്യക്കായി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. 28.3 ഓവറുകള്‍ എറിഞ്ഞ് താരം വിട്ടുനല്‍കിയത് വെറും 62 റണ്‍സ് മാത്രമാണ്. ഈ പ്രകടനത്തോടെ സൗത്ത് ആഫ്രിക്കക്കെതിരെ ടെസ്റ്റില്‍ 52 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിച്ചു. ഇതിനോടൊപ്പം, രണ്ട് നേട്ടങ്ങള്‍ കൂടിയാണ് 36കാരന്‍ തന്റെ അക്കൗണ്ടിലാക്കിയത്.
സൗത്ത് ആഫ്രിക്കക്കെതിരെ ടെസ്റ്റില്‍ 50+ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ഇടം കൈയ്യന്‍ സ്പിന്നറാവാനാണ് ജഡേജക്ക് സാധിച്ചത്. മുന്‍ ഇംഗ്ലണ്ട് താരം കോളിന്‍ ബ്ലൈത്താണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇടം കൈയ്യന്‍ സ്പിന്നര്‍.
ഇതിനൊപ്പം, ജഡേജ മറ്റൊരു എലീറ്റ് ലിസ്റ്റിലും ഇടം നേടി. താരം പ്രോട്ടിയാസിനെതിരെ 50+ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ ലിസ്റ്റിലാണ് തന്റെ പേര് എഴുതി ചേര്‍ത്തത്. താരം ഈ നേട്ടത്തില്‍ എത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറാണ്. അനില്‍ കുംബ്ലെ (84), ജവഗല്‍ ശ്രീനാഥ് (64), ഹര്‍ഭജന്‍ സിങ് (60), രവിചന്ദ്രന്‍ അശ്വിന്‍ (57) എന്നിവരാണ് ജഡേജക്ക് മുമ്പ് ഈ നേട്ടത്തില്‍ എത്തിയത്.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ജഡേജ കടപ്പാട്: ബി.സി.സി.ഐ/എക്സ്
അതേസമയം, ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് പ്രോട്ടിയാസിനായി തിളങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ താരം 180 പന്തില്‍ 94 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒപ്പം ടോണി ഡി സോര്‍സി (68 പന്തില്‍ 49), വിയാന്‍ മുള്‍ഡര്‍ (69 പന്തില്‍ 35*) റിയാന്‍ റിക്കില്‍ട്ടണ്‍ (64 പന്തില്‍ 35) എന്നിവരും മികവ് പുലര്‍ത്തി.
ഇന്ത്യക്കായി ജഡേജക്ക് പുറമെ കുല്‍ദീപ് യാദവും വിക്കറ്റ് വീഴ്ത്തി. താരം രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റാണ് നേടിയത്.
Content Highlight: Ind vs SA: Ravindra Jadeja became second left arm spinner and fifth Indian bowler to complete 50+ Test wickets against South Africa