ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം പുരോഗമിച്ച് കൊണ്ടിരിക്കയാണ്. മത്സരത്തില്‍ സന്ദര്‍ശകര്‍ തങ്ങളുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പ്രോട്ടിയാസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തിട്ടുണ്ട്. തെംബ ബാവുമ (40 പന്തില്‍ 15), ട്രിസ്റ്റാന്‍ സ്റ്റബ്ബ്‌സ് (12 പന്തില്‍ അഞ്ച്) എന്നിവരാണ് ക്രീസിലുള്ളത്.
റിയാന്‍ റിക്കില്‍ട്ടണ്‍, വിയാന്‍ മുള്‍ഡര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി എന്നിവരാണ് മടങ്ങിയത്. ഇതില്‍ മൂന്ന് പേരുടെയും വിക്കറ്റുകള്‍ വീഴ്ത്തിയത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ഇതോടെ താരത്തിന്റെ ഈ ഫോര്‍മാറ്റിലെ വിക്കറ്റുകള്‍ 341 ആയി.
നേരത്തെ, ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ജഡേജ ടെസ്റ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. പത്ത് റണ്‍സ് നേടിയതോടെയായിരുന്നു താരം ഈ നേട്ടത്തില്‍ എത്തിയത്. ഈ റണ്‍സ് ഉള്‍പ്പെടെ താരം 45 പന്തില്‍ 27 റണ്‍സാണ് എടുത്തത്. 4000 റണ്‍സ് പൂര്‍ത്തിയാക്കിയതോടെ ടെസ്റ്റ് ചരിത്രത്തില്‍ ഇത്രയും റണ്‍സിനൊപ്പം 300+ വിക്കറ്റ് നേടുന്ന നാലാമത്തെ താരമായിരുന്നു.
ഇതിനൊപ്പം, മറ്റൊരു നേട്ടവും ജഡേജ സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റില്‍ 4000 റണ്‍സും 300+ വിക്കറ്റും ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയവരില്‍ താരം രണ്ടാമതായിരിക്കുകയാണ്. ഇംഗ്ലണ്ട് താരം ഇയാന്‍ ബോതമാണ് ഈ നേട്ടത്തില്‍ മുന്നിലുള്ളത്.
(താരം – ടീം – മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)
ഇയാന്‍ ബോതം – ഇംഗ്ലണ്ട് – 72
രവീന്ദ്ര ജഡേജ – ഇന്ത്യ – 88
കപില്‍ ദേവ് – ഇന്ത്യ – 97
ഡാനിയല്‍ വെറ്റോറി – ന്യൂസിലാന്‍ഡ് – 101
നേരത്തെ, ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 189 റണ്‍സിന് പുറത്തായിരുന്നു.ഇന്ത്യന്‍ നിരയില്‍ 119 പന്തില്‍ 39 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ ടോപ് സ്‌കോററായത്.
പ്രോട്ടിയാസിനായി സൈമണ്‍ ഹര്‍മാര്‍ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മാര്‍ക്കോ യാന്‍സെന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
Content Highlight: Ind vs SA: Ravindra Jadeja became second fastest to complete 4000 runs and 300+ wickets in Test Cricket