മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീം അവഗണിക്കുകയാണെന്നും താരത്തിന് ഫിറ്റ്‌നസില്ലെന്നത് വെറുമൊരു ഒഴിവ് കഴിവാണെന്നും ഇന്ത്യന്‍ പേസറുടെ കോച്ച് മുഹമ്മദ് ബദറുദ്ദീന്‍. ബുംറയുടെ വര്‍ക്ക് ലോഡ് കുറക്കാന്‍ താരം ടീമിലുണ്ടാകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് ടീമിലേക്ക് താരങ്ങളെ രഞ്ജി ട്രോഫിയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തെരഞ്ഞെടുപ്പ് മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേയില്‍ സംസാരിക്കുകയായിരുന്നു ബദറുദ്ദീന്‍.
‘അവര്‍ ഷമിയെ അവഗണിക്കുകയാണ്. അവനെ ഒഴിവാക്കിയതിന് മറ്റു കാരണങ്ങളൊന്നുമില്ല. രണ്ട് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളാണ് അവന്‍ നേടിയത്. അവന്‍ ഫിറ്റാണ്. ഷമിയെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെന്താണെന്ന് എനിക്ക് അറിയില്ല, സെലക്ടര്‍മാര്‍ക്ക് അതിന് ഉത്തരം നല്‍കാനാകും. ബുംറയുടെ വര്‍ക്ക് ലോഡ് കുറക്കാന്‍ ഷമി ടീമില്‍ ഉണ്ടാവേണ്ടതായിരുന്നു.
അവരിപ്പോള്‍ ഷമിയെ ടീമില്‍ എടുക്കില്ല. രഞ്ജി ട്രോഫിയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ടെസ്റ്റ് ടീമിലേക്ക് താരങ്ങളെ എടുക്കേണ്ടത്. എന്നാല്‍ ടി – 20 മെട്രിക്സാണ് ഇവിടെ മാനദണ്ഡം. അവരുടെ തെരഞ്ഞെടുപ്പുകള്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്, അതിനാല്‍ പ്രകടനത്തെക്കുറിച്ചോ ഫിറ്റ്‌നസിനെക്കുറിച്ചോ ഉള്ള ഈ സംസാരം വെറും ഒരു ഒഴികഴിവ് മാത്രമാണ്.
ഷമി ഫിറ്റ്‌നസില്ലാത്തവനാണെന്നും മാച്ച് പ്രാക്ടീസ് ആവശ്യമാണെന്നും അവര്‍ പറഞ്ഞു, അത് ശരിയല്ല. ആരൊക്കെ ടീമില്‍ വേണമെന്നും ഒഴിവാക്കണമെന്നതിലും അവര്‍ക്ക് ഒരു പദ്ധതിയുണ്ട്,’ ബദറുദ്ദീന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഷമിക്ക് ടീമില്‍ അവസരം ലഭിച്ചില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ കോച്ചിന്റെ പ്രതികരണം.
ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടാത്തതില്‍ ഷമി അസ്വസ്ഥനാണെന്നും താന്‍ താരത്തോട് സംസാരിച്ചിട്ടില്ലെന്നും ബദറുദ്ദീന്‍ പറഞ്ഞു. അവന്‍ തന്റെ ഏറ്റവും മികച്ചത് നല്‍കാനാണ് ശ്രമിക്കുന്നത്. തീര്‍ച്ചയായും ഷമിക്ക് വീണ്ടും അവസരം കിട്ടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
Content Highlight: Ind vs SA: Muhammed Shami’s coach Mohammed Badaruddin slams Ajith Agarkar that talk about performance or fitness is just an excuse