| Saturday, 15th November 2025, 2:41 pm

പ്രോട്ടിയാസിനെതിരെ ടോപ് സ്‌കോറര്‍ മാത്രമല്ല, മൈല്‍സ്റ്റോണും തൂക്കി രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ ഒന്നാം ടെസ്റ്റ് കൊല്‍ക്കത്തയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 189 റണ്‍സിന് പുറത്തായി. അതോടെ ടീമിന് 30 റണ്‍സിന്റെ ലീഡുമായി ഒന്നാം ഇന്നിങ്സ് അവസാനിച്ചു.

മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായത് ഓപ്പണര്‍ കെ.എല്‍ രാഹുലാണ്. താരം 119 പന്തില്‍ 39 റണ്‍സാണ് എടുത്തത്. ഒരു സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 32.77 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റില്‍ ചെയ്ത താരം ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സ് എന്ന മൈല്‍സ്റ്റോണാണ് രാഹുല്‍ ഈ ഇന്നിങ്സോടെ പൂര്‍ത്തിയാക്കിയത്. നിലവില്‍ താരത്തിന് ഈ ഫോര്‍മാറ്റില്‍ 4026 റണ്‍സുണ്ട്. 66 മത്സരങ്ങളിലെ 115 ഇന്നിങ്‌സില്‍ കളിച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഈ നാഴികകല്ല് പൂര്‍ത്തിയാക്കുന്ന 18ാം ഇന്ത്യന്‍ താരമാകാനും രാഹുലിന് സാധിച്ചു.

ഇന്ത്യക്കായി രാഹുലിന് പുറമെ, വാഷിങ്ടണ്‍ സുന്ദര്‍ 82 പന്തില്‍ 29 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. ഒപ്പം റിഷബ് പന്ത് (24 പന്തില്‍ 27), രവീന്ദ്ര ജഡേജ (45 പന്തില്‍ 27) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. മറ്റാര്‍ക്കും വലിയ സ്‌കോര്‍ നേടാനായില്ല. അതേസമയം, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മൂന്ന് പന്തില്‍ നാല് റണ്‍സുമായി റിട്ടയേര്‍ഡ് ഹാര്‍ട്ടായി മടങ്ങി.

സൗത്ത് ആഫ്രിക്കക്കായി സൈമണ്‍ ഹര്‍മാര്‍ മൂന്ന് വിക്കറ്റും മാര്‍ക്കോ യാന്‍സെന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ് എന്നിവരും ഓരോ വിക്കറ്റും സ്വന്തമാക്കി.

നിലവില്‍ പ്രോട്ടിയാസ് രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സന്ദര്‍ശകര്‍ ഒരു വിക്കറ്റിന് 18 റണ്‍സ് എടുത്തിയിട്ടുണ്ട്. 17 പന്തില്‍ മൂന്ന് റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമും പന്തൊന്നും നേരിടാതെ വിയാന്‍ മുള്‍ഡറുമാണ് ക്രീസിലുള്ളത്.

23 പന്തില്‍ 11 റണ്‍സെടുത്ത റിയാന്‍ റിക്കില്‍ട്ടന്റെ വിക്കറ്റാണ് സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായത്. കുല്‍ദീപ് യാദവാണ് താരത്തെ പുറത്താക്കിയത്.

Content Highlight: Ind vs SA: KL Rahul completed 4000 runs in Test Cricket

We use cookies to give you the best possible experience. Learn more