| Thursday, 20th November 2025, 4:22 pm

കൊല്‍ക്കത്തയില്‍ സംഭവിച്ചത് അപ്രതീക്ഷിതം; വിമര്‍ശനങ്ങള്‍ക്കിടെ പ്രതികരണവുമായി ഇന്ത്യന്‍ ബാറ്റിങ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്ക് എതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഒന്നാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പ്രോട്ടിയാസ് ഉയര്‍ത്തിയ കുഞ്ഞന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ആതിഥേയര്‍ 30 റണ്‍സിനായിരുന്നു തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെ, കോച്ച് ഗൗതം ഗംഭീറിനെതിരെയും കൊല്‍ക്കത്ത പിച്ചിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്. സ്പിന്നിന്റെ സഹായത്തോടെ ഒരു ടെസ്റ്റ് മത്സരം നാല് നാലര ദിവസം നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കാറുള്ളതെന്നും കൊല്‍ക്കത്തയില്‍ നടന്നത് അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും ഗൗതം ഗംഭീറിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും ആരും ബാറ്റര്‍മാര്‍ ചെയ്തത് എന്താണെന്ന് സംസാരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം മത്സരത്തിന് മുമ്പുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോട്ടക്.

‘എല്ലാ ടീമിനെയും പോലെ ഞങ്ങളുടെ പ്രതീക്ഷയും സ്പിന്നിലായിരുന്നു. സാധാരണയായി ഒരു മത്സരം നാല് നാലര ദിവസം നീണ്ടുനില്‍ക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കാറുള്ളത്. ഫാസ്റ്റ് ബൗളര്‍മാര്‍ ആദ്യ രണ്ട് ദിവസം മാത്രമേ കളിയുടെ ഗതി മാറ്റൂ.

കൊല്‍ക്കത്തയില്‍ നടന്നത് വളരെ അപ്രതീക്ഷിതമായാണ്. ആദ്യ ദിവസത്തിന് ശേഷം തന്നെ പിച്ച് മാറാന്‍ തുടങ്ങി. ക്യൂറേറ്റര്‍ പോലും അത് ആഗ്രഹിച്ചിരുന്നില്ല. സ്പിന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രത്തോളമുണ്ടാവുമെന്ന് കരുതിയിരുന്നില്ല. എല്ലാവരും ഗൗതം ഗംഭീറിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്.

ആരും ബാറ്റിങ്ങിനെ കുറിച്ചോ ബാറ്റിങ് കോച്ചിന് കൂടുതല്‍ നന്നാക്കാമായിരുന്നുവെന്നോ പറയുന്നില്ല. തോല്‍ക്കുന്ന മത്സരങ്ങളിലെല്ലാം കുറ്റം ഗംഭീറിന്റേതാവുന്നു. ഇത് പറയുന്ന ആളുകള്‍ മറ്റെന്തിലും അജണ്ടയുണ്ടായിരിക്കാം, അത് വളരെ മോശമാണ്,’ കോട്ടക് പറഞ്ഞു.

അതേസമയം, ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം മത്സരം 22 മുതല്‍ 26 വരെ നടക്കും. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി. ഇതില്‍ സമനിലയിലായാലും ഇന്ത്യന്‍ ടീം പരമ്പര കൈവിടേണ്ടി വരും. അതിനാല്‍ ടീമിന് വിജയം അനിവാര്യമാണ്.

Content Highlight: Ind vs SA: Indian batting coach Sitansu Kotak says what happened was in Kolkata Test unexpected

We use cookies to give you the best possible experience. Learn more