ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി – 20 പരമ്പര പിടിക്കാന്‍ ആതിഥേയര്‍ ഇന്നിറങ്ങും. പരമ്പരയിലെ നാലാം മത്സരം ഇന്നാണ് (ഡിസംബര്‍ 17) അരങ്ങേറുക. ലഖ്നൗവിലെ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. നിലവില്‍ മെന്‍ ഇന്‍ ബ്ലൂ 2 – 1ന് മുന്നിലാണ്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കൊപ്പമായിരുന്നു വിജയം. എന്നാല്‍, രണ്ടാം മത്സരത്തില്‍ ജയിച്ച് പ്രോട്ടിയാസ് സംഘം ആതിഥേയര്‍ക്ക് ഒപ്പമെത്തി. തോല്‍വിയില്‍ സമ്മര്‍ദത്തിലാവാതെ മൂന്നാം മത്സരത്തില്‍ ജയിച്ച് ഇന്ത്യ വീണ്ടും ലീഡ് നേടിയെടുത്തു. അതിനാല്‍ തന്നെ നാലാം മത്സരത്തില്‍ ജയിച്ചാല്‍ സുര്യക്കും സംഘത്തിനും മറ്റൊരു പരമ്പര വിജയം കൈപ്പിടിയിലൊതുക്കാന്‍ സാധിക്കും.
ഇന്ത്യൻ ക്രിക്കറ്റ് ടീം. Photo: BCCI/x.com
പക്ഷേ, ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ഫോം ടീമിന് വലിയ ആശങ്കയാണ്. പരമ്പരയില്‍ ഇതുവരെ ഇരുവര്‍ക്കും തിളങ്ങാന്‍ സാധിച്ചിട്ടില്ല. വെറും 29 റണ്‍സാണ് സ്‌കൈയുടെ ഈ പരമ്പരയിലെ ആകെ സമ്പാദ്യം.
12, 5, 12 എന്നിങ്ങനെയാണ് സൂര്യയുടെ ആദ്യ മൂന്ന് മത്സരങ്ങളിലെ സ്‌കോര്‍. ഗില്ലിനാകട്ടെ 4, 0, 28 എന്നിങ്ങനെയാണ് ഈ മൂന്ന് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യാനായത്. ആകെ സമ്പാദ്യം 32 റണ്‍സുമാണ്. താരം ആദ്യ രണ്ട് മത്സരങ്ങളിലും പെട്ടെന്ന് മടങ്ങിയെങ്കിലും മൂന്നാം മത്സരത്തില്‍ കുറച്ച് നേരം പിടിച്ചു നിന്നു. എന്നാല്‍, വെറും 100 ആയിരുന്നു ഈ മത്സരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും. Photo: SaabirZafar & the cricket panda/x.com
നായകന്റെയും ഉപനായകന്റെയും ഫോം ഔട്ട് മാത്രമല്ല, മറ്റ് താരങ്ങളുടെ കാര്യത്തിലും ആശങ്കകളുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ മികച്ച തുടക്കം നല്‍കുന്നുണ്ടെങ്കിലും അധികനേരം താരത്തിന് ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ല. ടോപ് ഓര്‍ഡറില്‍ തിലക് വര്‍മയാണ് മികച്ച പ്രകടനം നടത്തുന്നത്.
ഹര്‍ദിക് പാണ്ഡ്യയും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും റണ്‍സ് വഴങ്ങുന്നതും ടീമിന് തലവേദനയാണ്. വരുണ്‍ ചക്രവര്‍ത്തിക്ക് മാത്രമാണ് ആറില്‍ താഴെ എക്കോണമിയുള്ളത്.
Content Highlight: Ind vs SA: India will face South Africa in 4th T20I; will ‘out of runs’ of Suryakumar Yadav and Shubhman Gill be burden to the team