ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ തോല്‍വി വഴങ്ങി ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് ആതിഥേയരുടെ തോല്‍വി. പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താവുകയായിരുന്നു.
ബൗളര്‍ സൈമണ്‍ ഹാര്‍മറുടെ ബൗളിങ് കരുത്തിലാണ് പ്രോട്ടിയാസിന്റെ സൂപ്പര്‍ വിജയം. ഇതോടെ ലോകചാമ്പ്യന്മാര്‍ക്ക് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കാനായി.
പ്രോട്ടിയാസിനെതിരെ ചെറിയ സ്‌കോറിന് പുറത്തായി ഇന്ത്യന്‍ സംഘം തോറ്റതോടെ ഒരു മോശം ലിസ്റ്റിലാണ് ഈ മത്സരം ഇടം പിടിച്ചത്. കൊല്‍ക്കത്തയിലെ 93 റണ്‍സ് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ചെയ്സിങ്ങിലെ നാലാമത്തെ ചെറിയ സ്‌കോറാണ്. ഇതിന് മുമ്പ് 2005ല്‍ ഇംഗ്ലണ്ടിനോട് 100 റണ്‍സിന് പുറത്തായ മത്സരത്തെ പിന്തള്ളിയാണ് കൊല്‍ക്കത്ത ടെസ്റ്റ് മൂന്നാമതെത്തിയത്.
ചെയ്സിങ്ങില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോറും സൗത്ത് ആഫ്രിക്കയോടാണ് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. 1996ല്‍ 66 റണ്‍സിന് പുറത്തായതാണ് ഈ ലിസ്റ്റില്‍ മുമ്പിലുള്ളത്.
(റണ്‍സ് – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
66 – സൗത്ത് ആഫ്രിക്ക – ടര്‍ബന്‍ – 1996
81 – വെസ്റ്റ് ഇന്‍ഡീസ് – ബാര്‍ബഡോസ് – 1997
83 – ഇംഗ്ലണ്ട് – ചെന്നൈ – 1977
93 – സൗത്ത് ആഫ്രിക്ക – കൊല്‍ക്കത്ത – 2025
100 – ഇംഗ്ലണ്ട് – മുംബൈ – 2005
അതേസമയം, ഇന്ത്യയ്ക്കായി മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം നടത്തിയത് വാഷിങ്ടണ്‍ സുന്ദറാണ്. താരം 92 പന്തില്‍ 31 റണ്‍സാണ് എടുത്തത്. ഒപ്പം അക്സര്‍ പട്ടേല്‍ 17 പന്തില്‍ 26 റണ്‍സും രവീന്ദ്ര ജഡേജ 26 പന്തില്‍ 18 റണ്‍സും എടുത്തു.
പ്രോട്ടിയാസിനായി സൈമണ്‍ ഹാര്‍മര്‍ നാല് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും നേടി.
നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടിയാസ് 153 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി ക്യാപ്റ്റന്‍ തെംബ ബാവുമ 136 പന്തില്‍ പുറത്താവാതെ 55 റണ്‍സെടുത്ത് തിളങ്ങി. ഒപ്പം കോര്‍ബിന്‍ ബോഷ് 37 പന്തില്‍ 25 റണ്‍സും എടുത്തു.
ഇന്ത്യയ്ക്കായി ജഡേജ നാല് വിക്കറ്റും സിറാജ്, കുല്‍ദീപ് എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി. ബുംറയും അക്‌സറും ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Ind vs SA: India registered fourth lowest total for India while chasing in Tests after the loss against South Africa