സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ പ്രോട്ടിയാസ് ശക്തമായ നിലയില്‍. നിലവില്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ ആറ് വിക്കറ്റിന് 247 റണ്‍സ് എടുത്തിട്ടുണ്ട്. സെനുറാന്‍ മുത്തുസ്വാമിയും കൈല്‍ വെരായ്‌നെയുമാണ് ക്രീസില്‍. മുത്തുസ്വാമിക്ക് 45 പന്തില്‍ 25 റണ്‍സും വെരായ്‌നെയ്ക്ക് നാല് പന്തില്‍ ഒരു റണ്‍സുമാണുള്ളത്.
മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഏയ്ഡന്‍ മര്‍ക്രമും റിയാന്‍ റിക്കല്‍ടണും പ്രോട്ടിയാസിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 82 റണ്‍സ് ചേര്‍ത്തു.
മാര്‍ക്രം 81 പന്തില്‍ 38 റണ്‍സുമായി മടങ്ങിയപ്പോളാണ് ഈ സഖ്യം പിരിഞ്ഞത്. ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ അതേ സ്‌കോറില്‍ റിക്കില്‍ട്ടണും തിരികെ നടന്നു. താരം 82 പന്തില്‍ 35 റണ്‍സ് സ്‌കോര്‍ ചെയ്തു. കുല്‍ദീപ് യാദവാണ് ഈ വിക്കറ്റെടുത്തത്.
പിന്നീട് ഒരുമിച്ച ട്രിസ്റ്റന്‍ സ്റ്റബ്സും ക്യാപ്റ്റന്‍ തെംബ ബാവുമയും മികച്ച കൂട്ടുകെട്ട് ഉയര്‍ത്തി ഇന്ത്യന്‍ ടീമിനെ വെള്ളം കുടിപ്പിച്ചു. ഈ സഖ്യം 84 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ബാവുമയെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 92 പന്തില്‍ 41 റണ്‍സുമായാണ് പ്രോട്ടിയാസ് നായകന്റെ മടക്കം.
ഇതിലേക്ക് 21 റണ്‍സ് ചേര്‍ത്തപ്പോഴേക്കും സ്റ്റബ്സും കൂടാരം കയറി. 112 പന്തില്‍ 49 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. കുല്‍ദീപിനായിരുന്നു താരത്തിന്റെ വിക്കറ്റ്. മറ്റൊരു വിക്കറ്റും വീണതോടെ അതുവരെയുണ്ടായിരുന്ന പ്രോട്ടിയാസിന്റെ ആധിപത്യത്തിന് ചെക്ക് വെച്ച് ഇന്ത്യ മത്സരത്തിലേക്ക് മടങ്ങി വന്നു.
പിന്നാലെ, രണ്ട് വിക്കറ്റുകള്‍ കൂടി ഇന്ത്യ വീഴ്ത്തി. സൗത്ത് ആഫ്രിക്കക്ക് വിയാന്‍ മുള്‍ഡറുടെയും (18 പന്തില്‍ 13) ടോണി ഡി സോര്‍സിയുടെയും (59 പന്തില്‍ 28) വിക്കറ്റുകള്‍ നഷ്ടമായി. കുല്‍ദീപും മുഹമ്മദ് സിറാജുമാണ് ഇവരുടെ വിക്കറ്റുകള്‍ പിഴുതത്. ആറാം വിക്കറ്റ് വീണതിന് പിന്നാലെ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: Ind vs SA: Day one Updates; South Africa at 247/6 against Indian Cricket Team