| Thursday, 11th December 2025, 11:05 pm

തിലകിന്റെ ഫിഫ്റ്റിക്കും രക്ഷിക്കാനായില്ല; പ്രോട്ടിയാസിനോട് തോറ്റ് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള രണ്ടാം ടി – 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 51 റണ്‍സിന്റെ തോല്‍വിയാണ് മെന്‍ ഇന്‍ ബ്ലൂ വഴങ്ങിയത്. ക്വിന്റണ്‍ ഡി കോക്കിന്റെയും ഒട്ട്‌നീല്‍ ബര്‍ട്ട്മന്റെയും കരുത്തിലാണ് പ്രോട്ടിയാസ് വിജയിച്ചത്.

പ്രോട്ടിയാസ് ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 162ല്‍ അവസാനിക്കുകയിരുന്നു. തിലക് വര്‍മ്മ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിനും ടീമിനെ വിജയിപ്പിക്കാനായില്ല.

മത്സരത്തിനിടെ തിലക് വർമ Photo: BCCI/x.com

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് തുടക്കം തന്നെ പതറിയിരുന്നു. നാലാം ഓവറിനുള്ളില്‍ തന്നെ ഇന്ത്യയുടെ നാല് ബാറ്റര്‍മാര്‍ പുറത്തായിരുന്നു. ആദ്യ ഓവറില്‍ തന്റെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

അടുത്ത ഓവറില്‍ അഭിഷേക് ശര്‍മയും തിരികെ നടന്നു. എട്ട് പന്തില്‍ 17 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. നാലാം ഓവറില്‍ ക്യാപ്റ്റന്‍ സൂര്യയും കൂടാരം കയറി. നാല് പന്തില്‍ അഞ്ച് റണ്‍സായിരുന്നു താരം നേടിയത്.

പിന്നാലെ ഒത്തുചേര്‍ന്ന അക്സര്‍ പട്ടേലും തിലക് വര്‍മയും ഇന്ത്യയെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ 35 റണ്‍സ് ചേര്‍ത്തപ്പോഴേക്കും പിരിഞ്ഞു. 21 പന്തില്‍ 21 റണ്‍സ് നേടിയ അക്സര്‍ പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്.

എന്നാല്‍ അപ്പോഴും തിലക് ക്രീസില്‍ ഉറച്ച് നിന്നു. പിന്നാലെ എത്തിയ ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചായിരുന്നു താരത്തിന്റെ പോരാട്ടം. എന്നാല്‍ ഇതും അധിക നേരം നീണ്ടു നിന്നില്ല. 23 പന്തില്‍ 20 റണ്‍സ് നേടിയ പാണ്ഡ്യ ഔട്ടായി.

പിന്നീട് ജിതേഷ് ശര്‍മയും ഭേദപ്പെട്ട ബാറ്റിങ് നടത്തി. 17 പന്തില്‍ 27 റണ്‍സായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പിന്നാലെ ബാറ്റിങ്ങിന് എത്തിയ ഇന്ത്യന്‍ വന്നതിനേക്കാള്‍ വേഗത്തില്‍ തിരികെ നടന്നു.

അപ്പോഴും ഒരറ്റത്ത് ഒറ്റയാള്‍ പോരാട്ടം നടത്തി തിലകുണ്ടായിരുന്നു. എന്നാല്‍, അവസാന ഓവറിലെ ആദ്യം പന്തില്‍ താരവും അടിയറവ് പറഞ്ഞു. 34 പന്തില്‍ 62 റണ്‍സെടുത്ത താരം പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്സ് 162ല്‍ അവസാനിച്ചു.

പ്രോട്ടിയാസിനായി ഒട്ട്‌നീല്‍ ബര്‍ട്ട്മന്‍ നാല് വിക്കറ്റ് നേടി തിളങ്ങി. ഒപ്പം മാര്‍ക്കോ യാന്‍സെന്‍, ലുങ്കി എന്‍ഗിഡി, ലൂത്തോ സിപാംല എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

സൗത്ത് ആഫ്രിക്കൻ താരങ്ങൾ Photo: Proteas Men/x.com

നേരത്തെ, സൗത്ത് ആഫ്രിക്കക്കായി മിന്നും പ്രകടനം നടത്തിയത് ക്വിന്റണ്‍ ഡി കോക്കാണ്. താരം 46 പന്തില്‍ ഏഴ് 90 റണ്‍സാണ് നേടിയത്. 195.65 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത് സിക്സും അഞ്ച് ഫോറുമാണ്. ഒപ്പം ഡൊനോവന്‍ ഫെരേരയും എയ്ഡന്‍ മര്‍ക്രമും ഡേവിഡ് മില്ലറും മികച്ച ബാറ്റിങ് നടത്തി.

ഫെരേര 16 പന്തില്‍ 30 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മൂന്ന് സിക്സും ഒരു ഫോറും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മര്‍ക്രം 26 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 29 റണ്‍സെടുത്തു.

മില്ലര്‍ 12 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും അടക്കം പുറത്താവാതെ 20 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇവരുടെ കരുത്തിലാണ് ടീം 213 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്.

Content Highlight: Ind vs SA: Cricket South Africa defeated India in Second T20I match

We use cookies to give you the best possible experience. Learn more