സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് ബര്‍സാപര സ്റ്റേഡിയത്തില്‍ തുടരുകയാണ്. നിലവില്‍ 147 ഓവറുകള്‍ പിന്നിടുമ്പോള്‍ പ്രോട്ടിയാസ് ഒമ്പതിന് 476 റണ്‍സ് എടുത്തിട്ടുണ്ട്. മാര്‍ക്കോ യാന്‍സെന്‍ (80 പന്തില്‍ 88), കേശവ് മഹാരാജ് (17 പന്തില്‍ അഞ്ച്) എന്നിവരാണ് ക്രീസിലുള്ളത്.
മത്സരത്തിന്റെ രണ്ടാം ദിനവും ശക്തമായി മുന്നേറികൊണ്ടിരിക്കുകയാണ് പ്രോട്ടിയാസ് സംഘം. മികച്ച ബാറ്റിങ് പുറത്തെടുത്ത് ലോക ചാമ്പ്യന്മാരുടെ താരങ്ങള്‍ ഒരു സൂപ്പര്‍ നേട്ടവും കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്ത്യക്കെതിരെ ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ നാല് 80+ കൂട്ടുകെട്ടുകള്‍ ഉയര്‍ത്തിയ ടീമുകളുടെ ലിസ്റ്റിലാണ് പ്രോട്ടിയാസ് ഇടം പിടിച്ചത്.
സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ ആദ്യം 80+ പാര്‍ട്ണര്‍ഷിപ്പ് ഉയര്‍ത്തിയത് ഓപ്പണര്‍മാരായ ഏയ്ഡന്‍ മാര്‍ക്രമും റിയാന്‍ റിക്കില്‍ട്ടണുമാണ്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 82 റണ്‍സാണ് അടിച്ചത്.
പിന്നീട് ഒന്നിച്ച തെംബ ബാവുമ – ട്രിസ്റ്റന്‍ സ്റ്റബ്ബ്സും 80+ റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇവര്‍ 84 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. അടുത്ത രണ്ട് 80+ കൂട്ടുകെട്ടുകള്‍ സെനുറാന്‍ മുത്തുസ്വാമി കൈല്‍ വെരായ്‌നെ, മാര്‍ക്കോ യാന്‍സെന്‍ എന്നിവരെ കൂട്ടുപിടിച്ചാണ് ഉയര്‍ത്തിയത്.
താരം വെരായ്‌നെയെ കൂട്ടുപിടിച്ചപ്പോള്‍ പിറന്നത് 88 റണ്‍സിന്റെ കൂട്ടുകെട്ടാണ്. മുത്തുസ്വാമി – യാന്‍സെന്‍ സഖ്യമാവട്ടെ ചേര്‍ത്തത് 97 റണ്‍സും.
44 വര്‍ഷങ്ങളുടെ ചരിത്രം തിരുത്തിയാണ് പ്രോട്ടിയാസ് ഈ അപൂര്‍വ നേട്ടത്തിലെത്തിയത്. ഇതിന് മുമ്പ് ഇങ്ങനെ നാല് 80+ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയത് 1981ല്‍ ഇംഗ്ലണ്ടാണ്. അന്ന് ദല്‍ഹിയിലായിരുന്നു മത്സരം. ഇതിന് മുമ്പ് ഇതടക്കം നാല് തവണ മാത്രമാണ് ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇത്തമൊരു റെക്കോഡ് പിറന്നത്.
(എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
വെസ്റ്റ് ഇന്‍ഡീസ് – ദല്‍ഹി – 1948
വെസ്റ്റ് ഇന്‍ഡീസ് – മുംബൈ – 1948
വെസ്റ്റ് ഇന്‍ഡീസ് – മുംബൈ – 1975
ഇംഗ്ലണ്ട് – ദല്‍ഹി – 1981
സൗത്ത് ആഫ്രിക്ക – ഗുവാഹത്തി – 2025
Content Highlight: Ind vs SA: After 44 Years South Africa became first team to build four 80+ runs partnerships against India in a Test innings in India