ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി – 20 പരമ്പര നടന്നു കൊണ്ടിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് ബാക്കിയുള്ളത്. ഇന്ന് (ഡിസംബര്‍ 17), 19 തീയതികളിലാണ് ഈ മത്സരങ്ങള്‍.
പരമ്പരയിലെ നാലാം മത്സരമാണ് ഇന്ന് ലഖ്നൗ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറുക. ഈ മത്സരത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് സൂര്യയും സംഘവും ലക്ഷ്യമിടുന്നത്. എന്നാല്‍ മറുവശത്ത് ജയിച്ച് പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തുക എന്ന ലക്ഷ്യത്തോടെയാവും പ്രോട്ടിയാസ് ഇറങ്ങുക.
സഞ്ജു സാംസൺ. Photo: DarkKnight/x.com
ഈ മത്സരത്തില്‍ ടീമില്‍ ഇടം പിടിക്കാനായാല്‍ മലയാളി താരം സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. അന്തരാഷ്ട്ര ടി – 20യില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിക്കുക. അതിനായി താരത്തിന് ആവശ്യം വെറും അഞ്ച് റണ്‍സാണ്. എന്നാല്‍ അതിനുള്ള കാത്തിരിപ്പാകട്ടെ ഒരു മാസത്തിലേറെ ആയിരിക്കുന്നു.
നേരത്തെ, ഏഷ്യാ കപ്പിലും ഓസ്ട്രേലിയന്‍ പര്യടനത്തിലും ഈ നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിന് സാധിക്കുമായിരുന്നു. എന്നാല്‍ സ്ഥിരമായ ബാറ്റിങ് പൊസിഷന്‍ ഇല്ലാതിരുന്നത് ഏഷ്യാ കപ്പിലും ഓസ്ട്രേലിയയ്ക്ക് എതിരെ രണ്ട് മത്സരങ്ങളില്‍ ഒഴികെ അവസരം ലഭിക്കാതിരുന്നതുമാണ് ഈ നേട്ടത്തിലെത്താന്‍ താരത്തിന് വിലങ്ങ് തടിയായത്.
ഒക്ടോബര്‍ 31ന് ശേഷം സഞ്ജുവിന് ഒരിക്കലും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ടി – 20യില്‍ ആയിരമടിക്കാനുള്ള കാത്തിരിപ്പ് ഇങ്ങനെ അറ്റമില്ലാതെ തുടരുകയാണ്. സെപ്റ്റംബറില്‍ നടന്ന ഏഷ്യാ കപ്പില്‍ സഞ്ജുവിന് ഒപ്പം ഇതേ നേട്ടം ലക്ഷ്യമിട്ട് രണ്ട് പേര് കൂടിയുണ്ടായിരുന്നു.
അഭിഷേക് ശർമയും തിലക് വർമയും. Photo: Manu/x.com
യുവതാരങ്ങളായ അഭിഷേക് ശര്‍മയും തിലക് വര്‍മയുമാണ് ഇത്. നിലവില്‍ ഇവര്‍ രണ്ട് പേരും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അഭിഷേകായിരുന്നു ഈ നേട്ടത്തില്‍ ആദ്യം എത്തിയത്. ഏഷ്യാ കപ്പിനിടെയായിരുന്നു ഇടം കൈയ്യന്‍ ഓപ്പണറുടെ നേട്ടം.
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ തിലകും ആയിരം റണ്‍സിലെത്തി. ഇപ്പോള്‍ സഞ്ജു മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാനുള്ളത്. ഈ മൈല്‍സ്റ്റോണ്‍ പൂര്‍ത്തിയാക്കാന്‍ താരത്തിന് എന്നാണ് സാധിക്കുക എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
Content Highlight: Ind vs SA: Abhishek sharma and Tilak Varma have 1000 runs in T20i; how much longer does Sanju Samson have to wait?