| Wednesday, 26th November 2025, 9:02 am

നാണക്കേടില്‍ നിന്നും കരകയറാന്‍ വേണ്ടത് 522 റണ്‍സ്! സ്വന്തം മണ്ണില്‍ ഇന്ത്യ കരയുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ തോല്‍വിയൊഴിവാക്കാന്‍ പാടുപെട്ട് ആതിഥേയര്‍. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തിന്റെ അവസാന ദിവസം എട്ട് വിക്കറ്റ് ശേഷിക്കെ ആതിഥേയര്‍ക്ക് വിജയിക്കാന്‍ 522 റണ്‍സ് കൂടി വേണം. 90.1 ഓവര്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ മത്സരം സമനിലയിലും അവസാനിപ്പിക്കാം.

സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)

സൗത്ത് ആഫ്രിക്ക: 489 & 260/5d

ഇന്ത്യ: 201 & 27/2 (T:549)

പര്യടനത്തിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ ഗുവാഹത്തിയില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടാതെ സമനിലയിലെങ്കിലും എത്തിക്കാന്‍ സാധിക്കൂ. ഇനി രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചാലും 1-0ന് ബാവുമയും സംഘവും പരമ്പര നേടുകയും ചെയ്യും.

നിലവിലെ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റും സൗത്ത് ആഫ്രിക്ക വിജയിക്കാന്‍ സാധ്യതകളേറെയാണ്. ഇന്ത്യയ്ക്ക് മുതലെടുക്കാന്‍ സാധിക്കാതെ പോയ ഹോം ഗ്രൗണ്ട് അഡ്വാന്റേജ് കൈമുതലാക്കിയാണ് ബാവുമയും സംഘവും ഗംഭീറിന്റെ കുട്ടികളെ വട്ടം കറക്കുന്നത്. ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ, രണ്ടാം ടെസ്റ്റില്‍ റിഷബ് പന്തിന്റെ ക്യാപ്റ്റന്‍സിയിലും തോല്‍വി മുമ്പില്‍ കാണുകയാണ്.

ആദ്യ ഇന്നിങ്‌സില്‍ 288 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയിട്ടും ഇന്ത്യയെ ഫോളോ ഓണിനയക്കാതെ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 180 പന്ത് നേരിട്ട് 94 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടിയാസിന് കരുത്തായത്.

ടോണി ഡി സോര്‍സി (68 പന്തില്‍ 49), റിയാന്‍ റിക്കല്‍ടണ്‍ (64 പന്തില്‍ 35), വിയാന്‍ മുള്‍ഡര്‍ (69 പന്തില്‍ പുറത്താകാതെ 35) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.

ഒടുവില്‍ 260ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പ്രോട്ടിയാസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്കയെ പിടിച്ചുകെട്ടിയത്. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

106 ഓവറില്‍ 549 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ക്ക് നാലാം ദിവസം തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും നഷ്ടപ്പെട്ടു. യശസ്വി ജെയ്‌സ്വാള്‍ (20 പന്തില്‍ 13), കെ.എല്‍. രാഹുല്‍ (29 പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. ജെയ്‌സ്വാളിനെ കൈല്‍ വെരായ്‌നെയുടെ കൈകളിലെത്തിച്ച് മാര്‍കോ യാന്‍സെന്‍ പുറത്താക്കിയപ്പോള്‍ സൈമണ്‍ ഹാര്‍മറിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു രാഹുലിന്റെ മടക്കം.

നിലവില്‍ 25 പന്തില്‍ രണ്ട് റണ്‍സുമായി സായ് സുദര്‍ശനും 22 പന്തില്‍ നാല് റണ്‍സുമായി നൈറ്റ് വാച്ച്മാനായി ബാറ്റിങ്ങിനിറങ്ങിയ കുല്‍ദീപ് യാദവുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക സേനുരന്‍ മുത്തുസ്വാമിയുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 206 പന്ത് നേരിട്ട താരം 109 റണ്‍സ് നേടി. 91 പന്തില്‍ 93 റണ്‍സടിച്ച മാര്‍കോ യാന്‍സെന്‍, 112 പന്ത് നേരിട്ട് 49 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, 45 റണ്‍സടിച്ച കൈല്‍ വെരായ്‌നെ എന്നിവരും ആദ്യ ഇന്നിങ്‌സില്‍ പ്രോട്ടിയാസിന് കരുത്തായി.

മാര്‍കോ യാന്‍സന്റെ ബൗളിങ്ങിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയാണ് ആതിഥേയര്‍ തകര്‍ന്നടിഞ്ഞത്. ക്യാപ്റ്റന്‍ റിഷബ് പന്തിന്റേതടക്കം ആറ് വിക്കറ്റുകളാണ് യാന്‍സെന്‍ സ്വന്തമാക്കിയത്. സൈമണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ കേശവ് മഹാരാജ് ശേഷിച്ച വിക്കറ്റും വീഴ്ത്തി.

Content Highlight: IND vs SA: 2nd Test: Day 4 Updates

We use cookies to give you the best possible experience. Learn more