| Sunday, 15th February 2026, 8:58 pm

കിഷന്റെ മിന്നലടിയില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍; പാകിസ്ഥാന്റെ ആദ്യ രക്തം ചിന്തി ഹര്‍ദിക്

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ 25ാം മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുകയാണ്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിട്ടുണ്ട്. ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മയെ നഷ്ടമായിരുന്നു. ടീമിലേക്ക് തിരിച്ചെത്തിയ താരം ഡക്കായാണ് മടങ്ങിയത്. പിന്നീട് ആരാധകര്‍ സാക്ഷിയത് ഇഷാന്‍ കിഷന്റെ താണ്ഡവത്തിനായിരുന്നു.

വണ്‍ ഡൗണായി എത്തിയ തിലക് വര്‍മയെ കുട്ടുപിടിച്ചായിരുന്നു ഇഷാന്‍ പാക് താരങ്ങളെ തലങ്ങും വിലങ്ങും തല്ലിയൊതുക്കിയത്. നേരിട്ട 27ാം പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഫിഫ്റ്റിയടിച്ചു. വീണ്ടും ഫോറും സിക്സും അടിച്ച് താരം ടീമിനെ മുന്നോട്ട് കൊണ്ടുപോയി.

എന്നാല്‍, ടീം സ്‌കോര്‍ 88 ല്‍ നില്‍ക്കെ ഇഷാന്‍ 40 പന്തില്‍ 77 റണ്‍സുമായി തിരികെ നടന്നു. പിന്നാലെ ഇന്ത്യന്‍ സ്‌കോറിങ്ങിന്റെ വേഗത കുറഞ്ഞു. പിന്നീട് ഒന്നിച്ച തിളക്കും സൂര്യകുമാര്‍ യാദവും 38 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

പിന്നാലെ തിലക് 24 പന്തില്‍ 25 റണ്‍സുമായി തിരികെ നടന്നു. അതേ സ്‌കോറില്‍ തന്നെ അഞ്ചാമനായി എത്തിയ ഹര്‍ദിക് പാണ്ഡ്യയും മടങ്ങി. ഗോള്‍ഡന്‍ ഡക്കായാണ് താരം കൂടാരം കയറിയത്.

ഏറെ വൈകാതെ സൂര്യയും 29 പന്തില്‍ 32 റണ്‍സുമായി പുറത്തായി. പിന്നാലെത്തിയ ശിവം ദുബെ മികച്ച കാമിയോ ബാറ്റിങ് പുറത്തെടുത്തു. 17 പന്തില്‍ 27 റണ്‍സെടുത്ത നില്‍ക്കെ റണ്‍ഔട്ടായാണ് താരം തിരികെ കയറിയത്. അവസാന പന്തില്‍ അക്‌സറും പുറത്തായതോടെ ഇന്ത്യ 175 റണ്‍സിലെത്തി. റിങ്കു സിങ് നാല് പന്തില്‍ 11 റണ്‍സുമായി പുറത്താവാതെ നിന്നു.

പാകിസ്ഥാനായി സയീം അയൂബ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സല്‍മാന്‍ അലി ആഘ, ഉസ്മാന്‍ താരിഖ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

നിലവില്‍ പാകിസ്ഥാന്‍ മറുപടി ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. ഒരു ഓവര്‍ പിന്നിടുമ്പോള്‍ ഒരു റണ്‍സൊന്നുമില്ലാതെ ടീമിന് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. സാഹിബ്സാദ ഫര്‍ഹാനെയാണ് ടീമിന് നഷ്ടമായത്. ഹര്‍ദിക് പാണ്ഡ്യക്കാണ് വിക്കറ്റ്.

Content Highlight: Ind vs Pak: India set a target of 176 against Pakistan in T20 World Cup; Pakistan lost first wicket

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more