| Monday, 22nd September 2025, 9:37 am

നേടിയത് ഒറ്റ വിക്കറ്റ്; സൂപ്പര്‍ നേട്ടത്തില്‍ ഹര്‍ദിക് തലപ്പത്ത് 

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.  ഏഷ്യാ കപ്പിലെ രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ ജയം. മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും കരുത്തിലാണ് ടീം  വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ കഴിഞ്ഞ കളിയില്‍ നിന്ന് വിഭിന്നമായി മികച്ച രീതിയില്‍ ഇന്ത്യന്‍ താരങ്ങളെ പ്രഹരിച്ചിരുന്നു. എന്നാല്‍, അവരെ വലിയ സ്‌കോറില്‍ എത്താതെ പിടിച്ച് നിര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ട്യയും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.

മൂന്ന് ഓവര്‍ പന്തെറിഞ്ഞ ഹര്‍ദിക് പാക് താരങ്ങളില്‍ നിന്ന് അടി വാങ്ങി കൂടിയെങ്കിലും ഒരു നിര്‍ണായക വിക്കറ്റ് വീഴ്ത്തിയിരുന്നു. പാക് ഓപ്പണര്‍ ഫഖര്‍ സമാനിന്റെ വിക്കറ്റാണ് താരം പിഴുതത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്.

ടി – 20  ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡാണ് ഹര്‍ദിക് തന്റെ പേരില്‍ ചേര്‍ത്തത്. 14 വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം ഈ നേട്ടത്തിലെത്തിയത്. ഭുവനേശ്വര്‍ കുമാറിനെ മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.

ടി – 20 ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ഹാര്‍ദിക് പാണ്ഡ്യ – 12 – 14

ഭുവനേശ്വര്‍ കുമാര്‍ – 6 – 13

ജസ്പ്രീത് ബുംറ – 8 – 9

കുല്‍ദീപ് യാദവ് – 4* – 8

ആര്‍. അശ്വിന്‍ – 6 – 6

ഈ നേട്ടത്തിന് പുറമെ, ഹര്‍ദിക്കിന് ടി – 20 ഏഷ്യാ കപ്പ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതുള്ള അഫ്ഗാന്‍ താരം റാഷിദ് ഖാന്റെയും വാനിന്ദു ഹസരങ്കെ എന്നിവര്‍ക്ക് ഒപ്പമെത്താനും സാധിച്ചതും. മൂവര്‍ക്ക് 14 വിക്കറ്റുകളാണുള്ളത്.

അതേസമയം, പാകിസ്ഥാനെതിരെ ഇന്ത്യയ്ക്കായി ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. താരം  39 പന്തുകള്‍ നേരിട്ട് 74 റണ്‍സാണ് അടിച്ചത്. താരത്തിനൊപ്പം ഗില്‍ ( 28 പന്തില്‍ 47), തിലക് വര്‍മ (19 പന്തില്‍ 30*) എന്നിവരും മികച്ച പ്രകടനം നടത്തി.

ബൗളിങ്ങില്‍ ഹര്‍ദിക്കിന് പുറമെ ശിവം ദുബെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും ഒരു വിക്കറ്റ് സ്വന്തമാക്കി.

Content Highlight: Ind vs Pak: Hardik Pandya surpassed Bhuvaneshwar Kumar to became highest Indian wicket taker in T20 Asia Cup

We use cookies to give you the best possible experience. Learn more