| Monday, 12th January 2026, 8:26 am

സംഗ മാത്രമല്ല, സച്ചിനും വീണു; കിങ്ങിന്റെ പടയോട്ടത്തില്‍ വിറച്ച് ഇതിഹാസങ്ങള്‍

ഫസീഹ പി.സി.

ന്യൂസിലാഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ നാല് വിക്കറ്റിനാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ വിജയം. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ കരുത്തിലാണ് ഇന്ത്യന്‍ സംഘം വിജയം നേടിയെടുത്തത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നാണ് വിജയിച്ചത്.

ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. 91 പന്തില്‍ 93 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടെയാണ് താരത്തിന്റെ ഇന്നിങ്സ്. ഈ പ്രകടനത്തോടെ 28000 അന്താരാഷ്ട്ര റണ്‍സ് എന്ന മൈല്‍സ്റ്റോണും താരം പിന്നിട്ടിരുന്നു.

അതിനൊപ്പം തന്നെ ഒരു സൂപ്പര്‍ നേട്ടവും കോഹ്‌ലി തന്റെ പേരില്‍ എഴുതി ചേര്‍ത്തു. മറ്റൊന്നുമല്ല, ഏറ്റവും വേഗത്തില്‍ 28000 റണ്‍സ് നേടിയ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് കിങ് തന്റെ വിളിപ്പേര് അന്വര്‍ഥമാക്കിയത്. 624 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.

ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡാണ് ഇതോടെ കോഹ്‌ലി പഴങ്കഥയാക്കിയത്. 644 ഇന്നിങ്സില്‍ നിന്നുമാണ് സച്ചിന്‍ ഈ നേട്ടം കൊയ്തത്. 28000 റണ്‍സിലെത്തിയ സംഗകരായവട്ടെ ഈ നേട്ടം കൈവരിച്ചത് 666ാം ഇന്നിങ്സിലാണ്.

Photo: BCCI/x.com

അതേസമയം, മത്സരത്തില്‍ ശുഭ്മന്‍ ഗില്ലും പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ശ്രേയസ് അയ്യരും തിളങ്ങി. ഗില്‍ 71 പന്തില്‍ 56 റണ്‍സും അയ്യര്‍ 47 പന്തില്‍ 49 റണ്‍സും സ്‌കോര്‍ ചെയ്തു. ഇവര്‍ക്കൊപ്പം 21 പന്തില്‍ 29 റണ്‍സുമായി കെ.രാഹുല്‍ പുറത്താവാതെ നിന്നപ്പോള്‍ ഹര്‍ഷിത് റാണ 23 പന്തില്‍ 29 റണ്‍സും നേടി.

ന്യൂസിലാന്‍ഡിനായി കെയ്ല്‍ ജാമിസണ്‍ നാല് വിക്കറ്റ് വീഴ്ത്തി. ഒപ്പം ക്രിസ് ക്ലാര്‍ക്കും ആദിത്യ അശോകും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കിവികള്‍ക്കായി ഡാരല്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, ഡെവോണ്‍ കോണ്‍വേ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. യഥാക്രമം 71 പന്തില്‍ 84, 69 പന്തില്‍ 62, 67 പന്തില്‍ 56 എന്നിങ്ങനെയാണ് ഇവരുടെ സ്‌കോര്‍.

ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Ind vs NZ: Virat Kohli became fastest player to complete 28000 international runs surpassing Sachin Tendulkar

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more