| Tuesday, 20th October 2026, 6:56 am

ന്യൂസിലാന്‍ഡില്‍ പന്ത് സ്വിങ് ചെയ്തില്ലെങ്കില്‍ പിന്നെ ലോകത്ത് മറ്റെവിടെയാണ് അതുണ്ടാവുക? ഭുവിയെ പിന്തുണച്ച് പൂജാര

ആദർശ് എം.കെ.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ സ്റ്റാര്‍ പേസര്‍ ഭുവുനേശ്വര്‍ കുമാറിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരവും ടെസ്റ്റ് ലെജന്‍ഡുമായ ചേതേശ്വര്‍ പൂജാര. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ഭുവനേശ്വര്‍ കുമാറിന്റെ സാധ്യതകള്‍ വളരെ വലുതാണെന്നാണ് പൂജാര വിലയിരുത്തുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ‘ഔട്ട് ഓര്‍ നോട്ട് ഔട്ട്’ എന്ന ഷോയില്‍ സംസാരിക്കവെയാണ് നാല് വര്‍ഷത്തിനിപ്പുറം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തിയ ഭുവനേശ്വറിനെ കുറിച്ചും അദ്ദേഹത്തിന്റെ സ്‌കില്‍ സെറ്റിനെ കുറിച്ചും പൂജാര തുറന്നുപറഞ്ഞത്.

ചേതേശ്വര്‍ പൂജാര

സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവ് ഭുവിയ്ക്ക് ഉണ്ടെന്ന് വിലയിരുത്തിയ പൂജാര, ന്യൂസിലന്‍ഡില്‍ പന്ത് സ്വിങ് ചെയ്തില്ലെങ്കില്‍ പിന്നെ എവിടെയാണ് ചെയ്യുകയെന്നും ചോദിച്ചു.

‘ന്യൂസിലന്‍ഡിലെ സാഹചര്യങ്ങള്‍ ഭുവനേശ്വര്‍ കുമാറിന്റെ കഴിവുകള്‍ക്ക് തികച്ചും അനുയോജ്യമാണ്. അവിടുത്തെ കാലാവസ്ഥയും പിച്ച് സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന് പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ സാധിക്കും. ന്യൂസിലന്‍ഡില്‍ പന്ത് സ്വിങ് ചെയ്തില്ലെങ്കില്‍ പിന്നെ എവിടെയാണ് സ്വിങ് ചെയ്യുക?

അതുകൊണ്ടുതന്നെ അവന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളാണിത്. ന്യൂബോളില്‍ നിന്ന് മികച്ച രീതിയില്‍ സ്വിങ് നേടിയെടുക്കാനും അവന് കഴിയും. ഇക്കാര്യം ആരോട് ചോദിച്ചാലും അവര്‍ തീര്‍ച്ചയായും സമ്മതിക്കും,’ അദ്ദേഹം പറഞ്ഞു.

ഭുവനേശ്വര്‍ കുമാര്‍. Photo: BCCI

ഫ്‌ളാറ്റ് പിച്ചുകളായ ഐ.പി.എല്‍ വേദിയിലും ഭുവനേശ്വര്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്ന് പുജാര ഓര്‍മിപ്പിച്ചു.

പവര്‍പ്ലേയും ഡെത്ത് ഓവറുകളും പോലുള്ള ഏറ്റവും പ്രധാന ഘട്ടങ്ങളില്‍ പന്തെറിയാനുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിന് നിര്‍ണായകമാകും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ താരം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും, ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവില്‍ സന്തോഷമുണ്ടെന്നും പുജാര കൂട്ടിച്ചേര്‍ത്തു.

ഭുവനേശ്വർ കുമാർ. Photo: rcb/x.com

പരമ്പരയില്‍ ഇന്ത്യയുടെ ആദ്യ ചോയ്‌സ് സ്പിന്നര്‍ ആരാകണം എന്ന കാര്യത്തിലും പുജാര തന്റെ അഭിപ്രായം തുറന്നുപറഞ്ഞു. കുല്‍ദീപ് യാദവിനേക്കാള്‍ വരുണ്‍ ചക്രവര്‍ത്തിക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്.

‘ന്യൂസിലന്‍ഡിലെ ടി-20 മത്സരങ്ങളില്‍ എല്ലാ ബാറ്റര്‍മാരും വരുണിനെതിരെ കളിച്ചിട്ടുണ്ടാകില്ല. അദ്ദേഹത്തിന് ഒരു മിസ്റ്ററി സ്വഭാവമുണ്ട്. വലിയ ബൗണ്ടറികളുള്ള പിച്ചുകളില്‍ കുല്‍ദീപ് യാദവ് ചിലപ്പോള്‍ കൂടുതല്‍ സമ്മര്‍ദം അനുഭവിച്ചേക്കാം,’ പുജാര അഭിപ്രായപ്പെട്ടു.

എന്നാല്‍, ന്യൂസിലന്‍ഡ് സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി വരുണിനേക്കാള്‍ കുല്‍ദീപ് യാദവാണ് മികച്ച ഓപ്ഷനെന്ന് മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ ഈ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. വരുണിന് പകരം ഒരു റിസ്റ്റ് സ്പിന്നറെന്ന നിലയില്‍ കുല്‍ദീപ് ടീമിന് വേറിട്ടൊരു മാനവും കരുത്തും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: IND vs NZ T20I Series: Cheteshwar Pujara backs Bhuvaneshwar Kumar

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more