ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഒന്നാം ഏകദിനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന സന്ദര്‍ശകര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ ഡാരല്‍ മിച്ചലും മിച്ചല്‍ ഹേയുമാണ് ക്രീസിലുള്ളത്.
മിച്ചല്‍ 35 പന്തില്‍ 30 റണ്‍സുമായാണ് ക്രീസിലുള്ളത്. മറുവശത്ത് ഹേ മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി മികച്ച പിന്തുണ നല്‍കുന്നുണ്ട്.
മത്സരത്തില്‍ ബ്ലാക്ക് ക്യാപ്‌സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയും ഹെന്റി നിക്കോള്‍സും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ടീമിന് കരുത്തായത് അര്‍ധ സെഞ്ച്വറി നേടിയാണ്. നിക്കോള്‍സ് 69 പന്തില്‍ എട്ട് ഫോറുകള്‍ ഉള്‍പ്പെടെ 62 റണ്‍സുമായാണ് തിരികെ നടന്നത്.
ഏറെ വൈകാതെ കോണ്‍വേയും മടങ്ങി. 67 പന്തില്‍ ഒരു സിക്സും ആറ് ഫോറും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഡെവോൺ കോൺവേയും ഹെൻറി നിക്കോൾസും. Photo: Johns/x.com
ബ്ലാക്ക് ക്യാപ്‌സിന് ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയാണ് നിക്കോള്‍സ് – കോണ്‍വേ സഖ്യം പിരിഞ്ഞത്. ഇരുവരും ചേര്‍ന്ന് 117 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഇതോടെ ഒരു ചരിത്രം സൃഷ്ടിക്കാനും ഇരുവര്‍ക്കും സാധിച്ചു.
ഏകദിനത്തില്‍ ഏറെ കാലത്തിന് ശേഷം ഇന്ത്യയില്‍ ഇന്ത്യക്ക് എതിരെ ഓപ്പണിങ്ങില്‍ ന്യൂസിലാന്‍ഡിനായി സെഞ്ച്വറി കൂട്ടുകെട്ട് എന്ന നേട്ടമാണ് ഈ സഖ്യം നേടിയെടുത്തത്. ഇത് 27 വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു കിവി ഓപ്പണിങ് ജോഡിയ്ക്ക് ഇങ്ങനെ 100 റണ്‍സ് ചേര്‍ക്കാന്‍ സാധിക്കുന്നത്.
1999ലാണ് അവസാനമായി ന്യൂസിലാന്‍ഡ് ഓപ്പണര്‍മാര്‍ ഇന്ത്യക്ക് എതിരെ ഇന്ത്യന്‍ മണ്ണില്‍ ഒരു സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയത്. അന്ന് രാജ്‌കോട്ട് നടന്ന മത്സരത്തില്‍ ഓപ്പണര്‍മാര്‍ ചേര്‍ത്തത് 115 റണ്‍സാണ്. അതിന് ശേഷം ഇപ്പോഴായാണ് ടീമിന് മറ്റൊരു സെഞ്ച്വറി പാട്ണര്‍ഷിപ്പ് കുറിക്കുന്നത്.
അതേസമയം, മത്സരത്തില്‍ ബ്ലാക്ക് ക്യാപ്‌സിന് വില്‍ യങിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. യങ് 16 പന്തില്‍ 12 റണ്‍സും ഫിലിപ്‌സ് 19 പന്തില്‍ 12 റണ്‍സും നേടിയാണ് മടങ്ങിയത്.
ഇന്ത്യക്കായി ഹര്‍ഷിത് റാണ രണ്ട് വിക്കറ്റുകള്‍ നേടി. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: Ind vs NZ: New Zealand openers made a 100+ opening partnership against India in India in ODI after 27 long years